ചാനല്‍ ചര്‍ച്ചക്കിടെ ഷാനി പ്രഭാകറിനോട് ഹിന്ദി പഠിക്കാന്‍ ശോഭാ സുരേന്ദ്രന്‍!!! ഷാനിയുടെ മറുപടി ഇങ്ങനെ….

കൊച്ചി: കോണ്‍ഗ്രസ് നേതാക്കള്‍ ആരും ഭഗത് സിങിനെ ജയിലില്‍ സന്ദര്‍ശിച്ചില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റാണെന്ന ചരിത്രകാരന്‍മാരുടെയും മാധ്യമങ്ങളുടെയും റിപ്പോര്‍ട്ടുകള്‍ തള്ളി വിചിത്ര വിശദീകരണവുമായി ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍.

ഭഗത് സിംങിനെ ആരും സന്ദര്‍ശിച്ചില്ലെന്നല്ല പ്രധാനമന്ത്രി പറഞ്ഞതെന്നും ശഹീദായ അഥവാ രക്തസാക്ഷിയായ ഭഗത് സിങിനെ ആരും സന്ദര്‍ശിച്ചില്ല എന്നാണ് പ്രധാനമന്ത്രി പറഞ്ഞതെന്നുമായിരുന്നു ശോഭാസുരേന്ദ്രന്റെ വിശദീകരണം. മനോരമന്യൂസ് ചാനലിലെ കൗണ്ടര്‍പോയിന്റ് ചര്‍ച്ചയിലായിരുന്നു ശോഭ സുരേന്ദ്രന്റെ വിചിത്ര വിശദീകരണം.

ചര്‍ച്ചയ്ക്കിടെ ആദ്യം പ്രധാനമന്ത്രി പറഞ്ഞത് ശരിയെന്ന് വാദിച്ച ശോഭ സുരേന്ദ്രന്‍, പ്രധാനമന്ത്രി നുണ പറഞ്ഞെന്ന് തെളിയിക്കാന്‍ കോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസിലെ ജീവിച്ചിരിക്കുന്ന ഏതെങ്കിലും നേതാക്കളുണ്ടോ എന്ന് വെല്ലു വിളിക്കുകയും ചെയ്തു. ചരിത്രം തെളിയിക്കേണ്ടത് കോടതിയാണോ എന്ന അവതാരക ഷാനിപ്രഭാകറിന്റെ ചോദ്യത്തിന് എന്നാല്‍ ശോഭാ സുരേന്ദ്രന്‍ ഉത്തരം പറയാതെ ഉരുണ്ടു കളിച്ചു.

പ്രധാനമന്ത്രി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന് കോണ്‍ഗ്രസും സമൂഹമാധ്യമങ്ങളും പറയുന്നു… എന്താണ് നിങ്ങള്‍ക്ക് പറയാന്‍ ഉള്ളത് എന്നായിരുന്നു അവതാരകയുടെ ചോദ്യം. എന്നാല്‍ ചോദ്യത്തിന് ഉത്തരം പറയാതെ വഴി തിരിച്ച് വിടാന്‍ ശോഭാ സുരേന്ദ്രന്‍ ശ്രമിച്ചെങ്കിലും അവതാരക വീണ്ടും തന്റെ ചോദ്യം ചോദിച്ചു.

തുടര്‍ന്നായിരുന്നു എതെങ്കിലും നേതാവിന് പ്രധാനമന്ത്രി പറഞ്ഞത് കളവാണെന്ന് തെളിയിക്കാന്‍ കഴിയുമോ. അദ്ദേഹം ചരിത്രമാണ് പറഞ്ഞിരിക്കുന്നത് സത്യമാണ് പറഞ്ഞിരിക്കുന്നത് എന്ന് ശോഭ സുരേന്ദ്രന്‍ വാദിച്ചത്. രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിക്ക് വിവരങ്ങള്‍ അറിയാനുള്ള കഴിവ് ഉണ്ടെന്നും അതിന്റെ അടിസ്ഥാനത്തില്‍ ആണ് കാര്യങ്ങള്‍ പറഞ്ഞതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. തുടര്‍ന്ന് കോണ്‍ഗ്രസിന്റെ നേതാക്കള്‍ പറയട്ടെ കോണ്‍ഗ്രസിന്റെ ഏത് നേതാവ് എപ്പോള്‍ ആണ് പോയത്. അത് എവിടെയാണ് എഴുതിയത് എത്രാമത്തെ പേജിലാണ് എന്ന് പറയട്ടെ എന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യം ജവഹര്‍ലാല്‍ നെഹ്റുവിന്റെ ആത്മകഥയില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് അവതാരക സൂചിപ്പിച്ചു.

തുടര്‍ന്ന് പ്രധാനമന്ത്രി നടത്തിയ പ്രസംഗം കാണിക്കണമെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞെങ്കിലും പ്രസംഗം കാണിച്ചിട്ടാണ് ചര്‍ച്ച തുടര്‍ന്നതെന്ന് അവതാരക പറഞ്ഞതോടെ ശോഭാസുരേന്ദ്രന്‍ വീണ്ടും വെട്ടിലാവുകയായിരുന്നു.

ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ഭഗത് സിംഗിനെ ജയിലില്‍ പോയി സന്ദര്‍ശിച്ച കാര്യം അവതാരക പറഞ്ഞെങ്കിലും ഒരു വ്യക്തി സ്വയം എഴുതിയ ആത്മകഥ എങ്ങിനെയാണ് ചരിത്രമായി അംഗീകരിക്കുക എന്നായിരുന്നു ശോഭാസുരേന്ദ്രന്റെ വാദം. നെഹ്റുവിന്റെ ആത്മകഥയുടെ മുന്നില്‍ ചര്‍ച്ച മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

ഇതിനെ കുറിച്ച് ആരാഞ്ഞ അവതാരകയോട് ഷാനി പറഞ്ഞത് അപ്പാടെ വിഴുങ്ങാന്‍ തയ്യാറാല്ലെന്നും ഷാനിയുടെ ചര്‍ച്ചകള്‍ ഞങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നുമായിരുന്നു ശോഭാ സുരേന്ദ്രന്റെ മറുപടി.

തുടര്‍ന്ന് പ്രസംഗം ബി.ജെ.പിയുടെ നേതൃത്വത്തില്‍ ട്രാന്‍സ്ലേറ്റ് ചെയ്യുമെന്നും രണ്ട് ദിവസത്തിനുള്ളില്‍ പൊതുജനങ്ങളെ കാണിക്കുമെന്നും ശോഭ പറഞ്ഞതോടെ അവതാരക ഇപ്പോള്‍ തന്നെ പ്രസംഗം കാണിക്കാം എന്ന് പറഞ്ഞ് കൊണ്ട് ”വീര രക്തസാക്ഷി ഭഗത് സിംഗിനെ വാദം നടക്കുന്ന കാലയളവില്‍ കോണ്‍ഗ്രസ്സ് കുടുംബത്തില്‍ നിന്നും ഏതെങ്കിലും ഒരു വ്യക്തി ജയിലില്‍ സന്ദര്‍ശ്ശിച്ചിരുന്നോ?’ എന്ന പ്രധാനമന്ത്രിയുടെ പ്രസംഗം കാണിക്കുകയും ചെയ്തു. തനിക്ക് ഹിന്ദി അത്ര അറിയില്ല ശോഭാ സുരേന്ദ്രന് ട്രാന്‍സ്ലേറ്റ് ചെയ്യാം എന്നും അവതാരക ഷാനി പറഞ്ഞു.

തുടര്‍ന്ന് നിലപാട് മാറ്റിയ ശോഭാ ശഹീദ് ഭഗത് സിങ്ങെന്നാണ് പ്രധാനമന്ത്രി പറഞ്ഞതെന്നും മരണശേഷം അദ്ദേഹത്തെ ആരും സന്ദര്‍ശിച്ചില്ലെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നുമാണ് വാദിക്കുകയായിരുന്നു. ഇതോടെ ചര്‍ച്ചയില്‍ പങ്കെടുത്ത് മുഴുവന്‍ ആളുകള്‍ക്കും ചിരിയടക്കാനായില്ല.

താന്‍ ഈ ചോദ്യത്തിന് മുകളില്‍ ഉള്ള ചര്‍ച്ച ഇവിടെ അവസാനിപ്പിക്കുകയാണെന്നും ദയവായി ശോഭാ സുരേന്ദ്രന്റെ ശ്രദ്ധ
യില്‍ പ്രസംഗം പെട്ടിട്ടില്ലെങ്കില്‍ തെറ്റായി വ്യാഖ്യാനിക്കരുതെന്നും പ്രധാനമന്ത്രിയുടെ പ്രസംഗം മുഴുവനായി ചര്‍ച്ചയില്‍ കാണിക്കാന്‍ കഴിയില്ലെന്നും അവതാരക പറഞ്ഞെങ്കിലും ശോഭാ സുരേന്ദ്രന്‍ തന്റെ വാദം തുടരുകയായിരുന്നു.

ഇതിനിടെ ഇത് ചെറിയ കളിയല്ല ഷാനി. ഇതിന് ഷാനി മറുപടി പറയേണ്ടി വരുമെന്നും ശോഭാ സുരേന്ദ്രന്‍ പറയുന്നുണ്ടായിരുന്നു. ഇടയ്ക്ക് അവതാരകയോട് ഹിന്ദി പഠിക്കാനും ശോഭാ സുരേന്ദ്രന്‍ പറയുന്നുണ്ടായിരുന്നു. ശോഭയുടെ തെറ്റ് തിരുത്താന്‍ ശ്രമിച്ചെങ്കിലും തന്റെ വാദത്തില്‍ നിന്ന് ശോഭ പിന്‍മാറിയില്ല. ശഹീദ് എന്ന് വാക്കിന്റെ അര്‍ത്ഥം പറയണമെന്നും ശോഭ പറയുന്നുണ്ടായിരുന്നു. അവതാരകയാണ് തെറ്റ് പറയുന്നതെന്നും ശോഭാ സുരേന്ദ്രന്‍ പറയുന്നുണ്ടായിരുന്നു.

pathram desk 1:
Related Post
Leave a Comment