മനുഷ്യാവകാശ കമ്മീഷന്‍ ആ പണിയെടുത്താല്‍ മതിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷന്‍ മനുഷ്യാവകാശ കമ്മീഷന്റെ പണിയെടുത്താല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വരാപ്പുഴയിലെ ശ്രീജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണത്തില്‍ തൃപ്തനല്ലെന്നും അന്വേഷണം സി.ബി.ഐ ഏറ്റെടുക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ്ങ് ചെയര്‍മാന്‍ പി.മോഹന്‍ദാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മാത്രമല്ല റൂറല്‍ എസ്.പി എ.വി ജോര്‍ജിനെ പോലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയതിനെയും പി.മോഹന്‍ദാസ് വിമര്‍ശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് വാര്‍ത്താസമ്മേളനത്തില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി
കമ്മീഷന്‍ അവരുടെ ചുമതലയാണ് വഹിക്കുന്നതെന്ന ഓര്‍മ വേണം. മുന്‍കാല രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തില്‍ പ്രസ്താവന നടത്തരുത്. പലപ്പോഴും അങ്ങനെയാണ് വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് പുതിയ രീതിയിലുള്ള ഒരു മാധ്യമസംസ്‌കാരം രൂപം കൊണ്ടിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ തനിക്ക് തോന്നുന്നത് വിളിച്ച് പറയുന്ന മാധ്യമ സംസ്‌ക്കാരമാണത്. മനുഷ്യാവകാശ കമ്മീഷന്റെ മാനസികാവസ്ഥയിലുള്ളവരാണ് ഇത്തരക്കാരെന്നും. എന്തും വിളിച്ച് പറയുകയെന്നത് ശരിയായ നിലപാടാണോയെന്ന് തോന്നുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മരണപ്പെട്ട വിദേശ വനിത ലിഗയുടെ സഹോദരി മുഖ്യമന്ത്രിയുടെ ഓഫീസില്‍ വന്നിരുന്നു. ഓഫീസ് ആവശ്യമായ നടപടികള്‍ എടുത്തിരുന്നു. അന്ന് താന്‍ ഓഫീസിലുണ്ടായിരുന്നില്ല. തന്നെ കാണുന്നതിനുവേണ്ടി പിന്നീട് ശ്രമങ്ങളൊന്നും അവര്‍ നടത്തിയിരുന്നില്ല. തെറ്റായ വിവരം ബോധപൂര്‍വ്വം പ്രചരിപ്പിക്കുകയായിരുന്നു. ഒരു വസ്തുതയും അതിലില്ല. ഈ ഒരു സംഭവംകൊണ്ടു മാത്രം ടൂറിസ്റ്റുകളുടെ സുരക്ഷയ്ക്ക് വീഴ്ച സംഭവിച്ചതായി കണക്കാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

കസ്റ്റഡി മരണത്തില്‍ ഇത്ര വേഗത്തില്‍ നടപടി സ്വീകരിച്ചത് ആദ്യമാണ്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. അത് അന്വേഷണത്തിന് ശേഷമേ പറയാന്‍ കഴിയുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular