വിലകൂടിയ മരുന്നുകള്‍ രോഗികള്‍ക്ക് നിര്‍ദേശിക്കുന്നതിന് വിദേശയാത്രകളടക്കമുള്ള പാരിതോഷികങ്ങള്‍ കമ്പനികളില്‍നിന്ന് ഡോക്ടര്‍മാര്‍ സ്വീകരിക്കുന്നു; പ്രധാനമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരേ പ്രതിഷേധവുമായി ഡോക്റ്റര്‍മാര്‍

ന്യൂഡല്‍ഹി: ഡോക്ടര്‍മാരെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധവുമായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാര്‍. ഡോക്ടര്‍മാര്‍ക്കിടയിലെ അഴിമതിയേയും അധാര്‍മികതകളെയും കുറിച്ച് ലണ്ടന്‍ സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ റസിഡന്റ് ഡോക്ടര്‍മാരുടെ സംഘടനയായ ആര്‍ഡിഎ ആണ് രംഗത്തെത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി ഡോക്ടര്‍മാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി.

വിലകൂടിയ മരുന്നുകള്‍ രോഗികള്‍ക്ക് നിര്‍ദേശിക്കുന്നതിന് വിദേശയാത്രകളടക്കമുള്ള പാരിതോഷികങ്ങള്‍ കമ്പനികളില്‍നിന്ന് സ്വീകരിക്കുന്നതായി പ്രധാനമന്ത്രി നടത്തിയ പരാമര്‍ശം അപമാനകരമാണെന്ന് ഡോക്ടര്‍മാര്‍ ആരോപിക്കുന്നു. ഡോക്ടര്‍മാരെ അടച്ചാക്ഷേപിക്കുന്നതിലൂടെ അന്താരാഷ്ട്ര വേദിയില്‍ ഡോക്ടര്‍മാരുടെ സമൂഹത്തെ ഒന്നാകെ കരിപൂശുകയാണ് പ്രധാനമന്ത്രി ചെയ്തതെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

ഡോക്ടര്‍മാരും രോഗികളും തമ്മിലുള്ള ബന്ധത്തിലും വിശ്വാസത്തിലും പ്രധാനമന്ത്രിയുടെ പരാമര്‍ശം പരിഹരിക്കാനാകാത്ത ഹാനിയാണ് വരുത്തിവെച്ചിരിക്കുന്നത്. മെഡിക്കല്‍ ടൂറിസം, ഔഷധ നിര്‍മാണം തുടങ്ങിയ രംഗങ്ങളില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യയിലെ വൈദ്യശാസ്ത്ര രംഗത്തിന് കടുത്ത ആഘാതം സൃഷ്ടിക്കുന്നതാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശമെന്നും ഡോക്ടര്‍മാര്‍ ആരോപിക്കുന്നു.

മോദി സര്‍ക്കാരില്‍ അടക്കം അഴിമതിക്കാര്‍ ഉള്ളതുപോലെ ഡോക്ടര്‍മാര്‍ക്കിടയിലും കുഴപ്പക്കാര്‍ ഉണ്ടാകാം. എന്നുകരുതി ഇത്തരക്കാരെ സാമാന്യവത്കരിക്കുന്നത് ശരിയല്ല. ഏതെങ്കിലും രാജ്യത്തെ പ്രധാനമന്ത്രി സ്വന്തം പൗരന്‍മാരെ മോശമായി ചിത്രീകരിക്കാന്‍ ഒരു അന്തര്‍ദേശീയ വേദി ഉപയോഗിക്കുന്നത് ആദ്യത്തെ സംഭവമാണെന്നും ഡോക്ടര്‍മാര്‍ ആരോപിക്കുന്നു.

മോദിയുടെ ബ്രിട്ടണ്‍ സന്ദര്‍ശനത്തിനിടെ ലണ്ടനിലെ വെസ്റ്റ്മിനിസ്റ്ററില്‍ നടത്തിയ മുഖാമുഖ പരിപാടിക്കിടെയാണ് ഡോക്ടര്‍മാരും ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ച് മോദി സംസാരിച്ചത്. ഇത് അവസാനിപ്പിക്കുന്നതിനായി ഇന്ത്യയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മെഡിക്കല്‍ സ്റ്റോറുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular