അടിക്കടിയുള്ള ഇന്ധന വില വര്‍ധനവ് അവസാനിപ്പിക്കണം; എണ്ണക്കമ്പനികള്‍ക്ക് നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: അടിക്കടിയുടെ ഇന്ധന വില വര്‍ധന അവസാനിപ്പിക്കാന്‍ എണ്ണക്കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. രാജ്യാന്തര തലത്തില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതിന്റെ ചുവടുപിടിച്ചാണു വിലവര്‍ധിപ്പിക്കുന്നതു തല്‍ക്കാലത്തേക്കു നിര്‍ത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. ബ്ലൂംബെര്‍ഗ് ഡോട് കോമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇന്ധന വിലവര്‍ധന ബിജെപിയെയും എന്‍ഡിഎ സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ തുടങ്ങി രാജ്യത്തെ വമ്പന്‍ കമ്പനികള്‍ക്കെല്ലാം കേന്ദ്രസര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശം കൈമാറിയിട്ടുണ്ട്. പെട്രോള്‍വില 80 രൂപയോട് അടുക്കുകയും ഡീസല്‍ വില പെട്രോള്‍ വിലയ്ക്കു സമാനമായി വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇന്ധനവില നിയന്ത്രിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം.

ഇന്ത്യയില്‍ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ പെട്രോളിനും ഡീസലിനും ഏറ്റവും വിലയുള്ള രാജ്യം കൂടിയാണ് ഇന്ത്യ. ഇന്ത്യയില്‍ ഇന്ധനവിലയുടെ പകുതിയിലേറെയും നികുതിയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്.

കേന്ദ്രം അടുത്തിടെ നടപ്പാക്കിയ ജിഎസ്ടി സംവിധാനത്തിനു കീഴില്‍ പെട്രോളും ഡീസലും ഉള്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. ഈ സാഹചര്യത്തില്‍, ഇന്ധനവില വര്‍ധന പിടിച്ചുനിര്‍ത്താന്‍ കഴിയാത്ത കേന്ദ്രസര്‍ക്കാര്‍ പൊതുജനത്തെ വഞ്ചിക്കുകയാണെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേല്‍ക്കുന്ന സമയത്ത്, അതായത് 2014ല്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 108 ഡോളറായിരുന്നു. എന്നാല്‍, ഈ വര്‍ഷം ഏപ്രില്‍ ആയപ്പോഴേക്കും ഇത് 77 യുഎസ് ഡോളറായി താഴ്ന്നു. എന്നാല്‍, ഇന്ത്യയില്‍ പെട്രോള്‍ വില ക്രമാനുഗതമായ വളര്‍ച്ചയാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയത്. ഇതിനെ ചോദ്യം ചെയ്ത് മുന്‍ ധനമന്ത്രി പി.ചിദംബരം ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular