മറ്റുള്ളവര്‍ക്ക് ശല്യമാകുന്ന ബാച്ചിലര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയുമായി മസ്‌കറ്റ്!!!

കുടുംബങ്ങള്‍ താമസിക്കുന്ന ഇടങ്ങളില്‍ ഒറ്റയ്ക്ക് താമസിക്കുന്ന ബാച്ചിലര്‍മാര്‍ക്കെതിരെ നടപടി കര്‍ശനമാക്കി മസ്‌കത്ത് മുനിസിപ്പാലിറ്റി. വൃത്തിഹീനമായും മറ്റുള്ളവര്‍ക്ക് ശല്യം ചെയ്യുന്ന രീതിയിലും താമസിക്കുന്നതാണ് നടപടിക്ക് കാരണം. സാമൂഹിക സുരക്ഷയെ ബാധിക്കുകയും കുടുംബങ്ങള്‍ക്ക് ശല്യമാവുകയും ചെയ്തതോടെയാണ് നഗരസഭാധികൃതര്‍ ഇത്തരക്കാര്‍ക്കെതിരെ നടപടി എടുക്കുന്നത്.

ഒരു റൂമില്‍ നിരവധിപേര്‍ താമസിക്കുന്നതും വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും മറ്റുള്ളവര്‍ക്ക് ശല്യമാവുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കുന്നതും നടപടിക്ക് കാരണമാണ്.

സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തതോടെ നേരത്തെ കുടുംബമായി കഴിഞ്ഞവര്‍ പലരും ഇപ്പോള്‍ ഒറ്റക്കാണ് താമസിക്കുന്നത്. കുടുംബം നാട്ടിലേക്ക് തിരിച്ചശേഷം നിലവിലെ ഫ്ളാറ്റുകള്‍ ഒഴിവാക്കി ഷെയറിങായി താമസിക്കുന്നവരും നിരവധിയാണ്. ഇത്തരക്കാരും ബാച്ച്ലര്‍ പദവിയില്‍ വരുമോ എന്നതും അവ്യക്തമാണ്.

എന്നാല്‍ ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങിയ ഉയര്‍ന്ന വിദ്യാഭ്യാസവും ജോലിയുമുള്ള വിദേശികള്‍ ബാച്ച്ലര്‍ പദവിയില്‍ വരില്ലെന്നാണ് മസ്‌കത്ത് നഗരസഭയിലെ ഒരു ഉദ്യോഗസ്ഥന്‍ പറയുന്നത്. സാധാരണ ഗതിയില്‍ റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ ബാച്ച്ലര്‍മാര്‍ക്ക് താമസയിടങ്ങള്‍ വാടകക്ക് നല്‍കാറില്ല. എന്നാല്‍ നിരവധി പുതിയ കെട്ടിടങ്ങള്‍ ഉയര്‍ന്ന് വന്നതോടെ പഴയ കെട്ടിടങ്ങളില്‍ അധികവും ബാച്ച്ലര്‍മാര്‍ ചേക്കേറിയിട്ടുണ്ട്.

pathram desk 1:
Leave a Comment