നിയന്ത്രണം നഷ്ടപ്പെട്ടു; ചൈനീസ് ബഹിരാകാശ നിലയം ഭൂമിയില്‍ പതിച്ചു

ബീജിങ്: ചൈനീസ് ബഹിരാകാശ നിലയം ടിയാന്‍ഗോങ് -1 ദക്ഷിണ പസഫിക്കില്‍ പതിച്ചു. നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്നാണ് ഇങ്ങനെ സംഭവിച്ചത്. ഏഴു ടണ്‍ ഭാരമുള്ള നിലയത്തിന്റെ ഭൂരിഭാഗവും ഭൗമാന്തരീക്ഷവുമായുള്ള ഘര്‍ഷണത്തില്‍ കത്തിത്തീര്‍ന്നിട്ടുണ്ട്. എന്നാലും ഇന്ധനടാങ്ക്, റോക്കറ്റ് എന്‍ജിന്‍ തുടങ്ങിയ കട്ടികൂടിയ ഭാഗങ്ങള്‍ പൂര്‍ണമായി കത്തിത്തീരില്ല. 2011 സെപ്റ്റംബര്‍ 29-നു വിക്ഷേപിച്ചതാണ് ടിയാന്‍ഗോംഗ് അഥവാ സ്വര്‍ഗീയകൊട്ടാരം എന്ന പേരിലുള്ള ബഹിരാകാശ നിലയം. അന്ന് എട്ടര ടണ്‍ ഭാരവും 10.5 മീറ്റര്‍ നീളവും ഉണ്ടായിരുന്നു. ഇപ്പോള്‍ ഭാരം ഏഴു ടണ്‍.

2016 മാര്‍ച്ചിലാണ് ഈ നിലയം നിയന്ത്രണം വിട്ട് സഞ്ചാരം തുടങ്ങിയത്. അതേവര്‍ഷം രണ്ടാമത്തെ ബഹിരാകാശ നിലയമായ തിയാന്‍ഗോങ്-2 ചൈന വിജയകരമായി വിക്ഷേപിച്ചു. മൂന്നാമത്തെ ബഹിരാകാശനിലയം ഉടന്‍ വിക്ഷേപിക്കാനുള്ള ഒരുക്കത്തിലാണ് ചൈന.

മനുഷ്യനിര്‍മിത ഉപഗ്രഹങ്ങളുടെയും മറ്റും അവശിഷ്ടങ്ങള്‍ ഒരു വര്‍ഷത്തില്‍തന്നെ പലതവണ ഭൂമിയുടെ അന്തരീക്ഷത്തില്‍ എത്തുന്നുണ്ട്. എന്നാല്‍, ഇവ ഭൂമിയില്‍വീണ് നാശനഷ്ടങ്ങള്‍ സംഭവിക്കുന്നത് അപൂര്‍വമാണ്.

ഇതുവരെ ഒരാള്‍ക്ക് മാത്രമേ ബഹിരാകാശ അവശിഷ്ടം വീണ് പരിക്കേറ്റിട്ടുള്ളൂ. യു.എസ് ഡെല്‍റ്റ-2 റോക്കറ്റിന്റെ അവശിഷ്ടമാണ് 1997ല്‍ ഓക്‌ലഹോമ പാര്‍ക്കില്‍ വ്യായാമം ചെയ്തുകൊണ്ടിരിക്കുകയായിരുന്ന ലോട്ടി വില്യംസ് എന്ന സ്ത്രീയുടെ മേല്‍ പതിച്ചത്. എന്നാല്‍, തീരെ ചെറുതും കനം കുറഞ്ഞതുമായ ഭാഗമായതിനാല്‍ വില്യംസിന് പരിക്കുകളൊന്നും ഏറ്റില്ല.

1979ല്‍ അമേരിക്കയുടെ ബഹിരാകാശനിലയമായ സ്‌കൈലാബിന്റെ അവശിഷ്ടങ്ങള്‍ ആസ്‌ട്രേലിയന്‍ നഗരമായ പെര്‍ത്തില്‍ പതിച്ചു. തുടര്‍ന്ന്, തെരുവുകള്‍ മലിനമാക്കിയതിന് യു.എസ് സര്‍ക്കാറിനെതിരെ ഓസ്‌ട്രേലിയ 400 ഡോളര്‍ പിഴയിട്ടിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular