വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത

ഖത്തര്‍: വിദേശത്ത് തൊഴില്‍തേടുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഖത്തറില്‍ പുതിയ തൊഴിലവസരങ്ങള്‍ വരുന്നു. നിലിവില്‍ പൊതുസ്വകാര്യ മേഖലകളില്‍ 4000ത്തോളം പുതിയ തൊഴിലവസരങ്ങള്‍ ഉള്ളതായി ഭരണ നിര്‍വ്വഹണ വികസന തൊഴില്‍ സാമൂഹിക മന്ത്രാലയം അറിയിച്ചു. സ്വദേശിവത്കരണം ശക്തമാക്കിയ സാഹചര്യത്തില്‍ തൊഴിലവസരങ്ങള്‍ സ്വദേശികള്‍ക്കാണ് മുന്‍ഗണന ലഭിക്കുക എങ്കിലും അപേക്ഷകരില്ലെങ്കില്‍ വിദേശികളെയും പരിഗണിക്കുമെന്ന് തൊഴില്‍ മന്ത്രി ഡോ. ഈസ ബിന്‍ സഅദ് അല്‍ ജഫാലി അല്‍ നുഐമി വ്യക്തമാക്കി.
റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 3798 ഒഴിവുകളില്‍ അധികവും പൊതുമേഖലാ സ്ഥാപനങ്ങളിലേക്കാണ്. പൊതുമേഖലയില്‍ 3337, സ്വകാര്യ മേഖലയില്‍ 461 തസ്തികളിലേക്കാണ് ഉടന്‍ നിയമനം നടക്കുക. വിശദമായ കണക്കുകള്‍ ഭരണ നിര്‍വ്വഹണ വികസന, തൊഴില്‍ സാമൂഹിക മന്ത്രാലയമാണ് പുറത്തുവിട്ടത്. ഈ കണക്കിന് പുറമേ സ്വകാര്യമേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത നിരവധി തൊഴിലവസരങ്ങളും ഉണ്ട്. എല്ലാ തസ്തികകളിലേക്കുമുള്ള അപേക്ഷാ നടപടികള്‍ ആരംഭിച്ചുവെന്നും ജോലി തേടുന്നവര്‍ തങ്ങളുടെ വിവരങ്ങള്‍ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും തൊഴില്‍ സാമൂഹിക കാര്യമന്ത്രി ഡോ. ഈസ ബിന്‍ സഅദ് അല്‍ ജഫാലി അല്‍ നുഐമി ആവശ്യപ്പെട്ടു.
2016ലെ 15ാം നമ്പര്‍ മാനവിക വിഭവശേഷി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തസ്തികകളിലേക്കുള്ള നിയമനം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. യോഗ്യരായ സ്വദേശികള്‍ക്കാണ് മുന്‍ഗണന പിന്നീട് ജിസിസി രാജ്യങ്ങളില്‍ നിന്നുള്ളവരെയും തുടര്‍ന്ന് അറബ് പൗരന്‍മാരെയും പരിഗണിക്കും ഇത് കഴിഞ്ഞായിരിക്കും ഇന്ത്യക്കാരടക്കമുള്ള പ്രവാസികളെ പരിഗണിക്കുക. സ്വദേശി തൊഴിലന്വേഷകര്‍ക്കായി മന്ത്രാലയം പ്രത്യേക വെബ്‌സൈറ്റും ആരംഭിച്ചിട്ടുണ്ട്.

SHARE