കേംബ്രിഡ്ജ് അനലറ്റിക്കയുമായി രാഹുല്‍ ഗാന്ധിക്ക് ബന്ധമില്ല; ബിജെപി ഇപ്പോള്‍ നടത്തുന്നത് വ്യാജപ്രചാരണമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ബ്രിട്ടീഷ് കണ്‍സള്‍ട്ടിങ് കമ്പനിയായ കേംബ്രിഡ്ജ് അനലറ്റിക്കയുമായി രാഹുല്‍ ഗാന്ധിക്ക് ബന്ധമില്ലെന്ന് കോണ്‍ഗ്രസ്. ബിജെപി ഇപ്പോള്‍ നടത്തുന്നത് വ്യാജപ്രചാരണമാണ്. കോണ്‍ഗ്രസ് ഒരിക്കലും കേംബ്രിഡ്ജ് അനലറ്റിക്കിന്റെ സഹായം തേടിയിട്ടില്ല, ബിജെപിയാണ് കമ്പനിയെ ഉപയോഗപ്പെടുത്തിയതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

അമേരിക്കന്‍ തിരഞ്ഞെടുപ്പ് കാലത്ത് ട്രംപിന് വേണ്ടി പ്രവര്‍ത്തിച്ച കേംബ്രിഡ്ജ് അനലറ്റിക്ക എന്ന കമ്പനി ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് കണ്ടെത്തിയിരുന്നു. അഞ്ച് കോടിയിലധികം ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ ട്രംപിന്റെ വിജയത്തിനായി കമ്പനി ചോര്‍ത്തിയ വിവരം വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഈ കമ്പനിക്ക് കോണ്‍ഗ്രസുമായി അടുത്ത ബന്ധമുണ്ടെന്നാണ് ബിജെപിയുടെ ആരോപണം. കമ്പനിയുടെ സഹായത്തോടെ ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് അതുപയോഗിച്ച് വോട്ട് പിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. കേംബ്രിഡ്ജ് അനലറ്റിക്ക എന്ന കമ്പനിയാണ് യുപിഎയ്ക്ക് വേണ്ടി ഇന്ത്യയില്‍ പ്രചാരണം നടത്തുന്നതെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആരോപിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും സമൂഹമാധ്യമങ്ങള്‍ നിയന്ത്രിക്കുന്നതില്‍ കമ്പനിക്കുളള പങ്ക് വ്യക്തമാക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.

SHARE