സ്ത്രീകളുടെ തുല്യതയ്ക്ക് വേണ്ടി വാദിക്കുന്ന പാര്‍വ്വതി പോലും താന്‍ നേരിട്ട വഞ്ചനയില്‍ മൗനം പാലിക്കുന്നു; ടേക്ക് ഓഫിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ മെറീന

കോഴിക്കോട്: ടേക്ക് ഓഫ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണവുമായി സിനിമയുടെ കഥയ്ക്ക് ആധാരമായ യുവതിമെറീന രംഗത്ത്. ടേക്ക് ഓഫ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ മികച്ച നടി ഉള്‍പ്പെടെ അഞ്ച് പുരസ്‌കാരങ്ങള്‍ നേടിയതിന് പിന്നാലെയാണ് മെറീന അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. സിനിമ തുടങ്ങുന്നതിന് മുന്‍പും ചിത്രീകരണ സമയത്തും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തെങ്കിലും സിനിമ വിജയിച്ചതിന് പിന്നാലെ തന്നെ അവര്‍ മറന്നുവെന്ന് മറീന ജനയുഗം പത്രത്തോട് പറഞ്ഞു.

ഇറാഖില്‍നിന്ന് നേഴ്സിംഗ് ജോലി ഉപേക്ഷിച്ച് പാലായനം ചെയ്ത് നാട്ടിലെത്തിയ മെറീന ജോലി ഇല്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. നിലവില്‍ കോട്ടയം പള്ളിക്കത്തോടുള്ള ഒരു ബേക്കറിയില്‍ താല്‍ക്കാലിക ജീവനക്കാരിയാണ് മെറീന.

സിനിമയുടെ റിലീസ് സമയത്ത് പ്രമോഷന് വേണ്ടി പല ചാനലുകളിലും സിനിമാ പ്രവര്‍ത്തകരോടൊപ്പം മെറീനയും കയറി ഇറങ്ങിയിട്ടുണ്ട്. ബേക്കറിയിലെ ജോലിമുടക്കിയുള്ള ഈ യാത്രയിലും യാത്രാക്കൂലിയല്ലാതെ മറ്റൊന്നും കിട്ടിയിട്ടില്ല. ആദ്യമൊക്കെ സാമ്പത്തിക സഹായമെന്ന പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീട് വിളിച്ചപ്പോള്‍ മറുപടിയില്‍ ഭീഷണിയുടെ സ്വരമായിരുന്നെന്ന് മെറീന പറയുന്നു.

മെറീനയെ വെച്ച് ഡോക്യമെന്റെറി ചെയ്യുന്നു എന്ന ആമുഖത്തോടെയായിരുന്നു മഹേഷ് നാരായണന്‍ മെറീനയെ സമീപിച്ചത്. പിന്നീടത് സിനിമയിലേക്ക് നീണ്ടു. ഇറാഖ് ആശുപത്രിയില്‍ വെച്ച് മെറീനയുടെ ഫോണില്‍ പതിഞ്ഞ ചിത്രങ്ങളെല്ലാം മഹേഷ് നാരായണന് നല്‍കി. ഈ ചിത്രങ്ങളും മെറീനക്കും കുടുംബത്തിനുമൊപ്പം പാര്‍വതി നില്‍ക്കുന്ന ചിത്രങ്ങളും സിനിമയുടെ അവസാനം കാണിക്കുന്നുമുണ്ട്. സിനിമയുടെ ഓരോ ഘട്ടത്തിലും മെറീനയുടെ സഹായമുണ്ടായിരുന്നു.

നടി പാര്‍വതിക്കും വേണ്ട നിര്‍ദ്ദേശങ്ങള്‍ മെറീന നല്‍കിയിരുന്നു. സംവിധായകന്റെയും അണിയറപ്രവര്‍ത്തകരുടേയും വഞ്ചനയക്കെതിരെ വാര്‍ത്താസമ്മേളനം വിളിക്കാനും മുഖ്യമന്ത്രിക്ക് പരാതി നല്‍കാനും ഒരുങ്ങുകയാണ് മെറീന.

സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി സംസാരിക്കുകയും സിനിമയില്‍ ഉള്‍പ്പെടെ സ്ത്രീയ്ക്കും പുരുഷനും തുല്യത ഉണ്ടാവണമെന്നും വാദിക്കുന്ന നടി പാര്‍വ്വതി പോലും താന്‍ നേരിട്ട വഞ്ചനയില്‍ മൗനം പാലിക്കുകയാണെന്നും മെറീന പറയുന്നു.

pathram desk 1:
Leave a Comment