‘അവാര്‍ഡ് കിട്ടിയിട്ടുള്ളവരൊന്നും മുകളിലേക്ക് കയറിയിട്ടില്ല, അതാണ് തന്റെ ഭയം’ ഏറെ സന്തോഷം; അവാര്‍ഡ് നേട്ടത്തില്‍ പ്രതികരിച്ച് ഇന്ദ്രന്‍സ്

തിരുവനന്തപുരം: സിനിമയിലെ പോലെ തന്നെ അവാര്‍ഡ് നേട്ടത്തോടു രസകരമായി പ്രതികരിച്ച് ഇന്ദ്രന്‍സ്. ഇത് കിട്ടിയിട്ടുള്ളവര്‍ മുകളിലേക്ക് പോയിട്ടില്ല. അതാണ് തന്റെ പേടിയെന്നായിരുന്നു ഇന്ദ്രന്‍സിന്റെ പ്രതികരണം. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയതില്‍ ഏറെ സന്തോഷമുണ്ടെന്നും കുടുംബവും കൂട്ടുകാരും സിനിമാ അണിയറ പ്രവര്‍ത്തകരും തനിക്കൊപ്പം സന്തോഷിക്കുകയാണെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

കോമഡി വേഷം ചെയ്യുമ്പോള്‍ ഭയങ്കര ഊര്‍ജ്ജമാണെന്നും അവാര്‍ഡ് എല്ലാവര്‍ക്കുമായി സമര്‍പ്പിക്കുന്നുവെന്നും ഇന്ദ്രന്‍സ് പറയുന്നു.
ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇന്ദ്രന്‍സിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്.

ടി.വി ചന്ദ്രന്‍ അധ്യക്ഷനായ അവാര്‍ഡ് നിര്‍ണയ സമിതിക്ക് മുന്‍പാകെ 110 ചിത്രങ്ങളാണ് പരിഗണനയ്ക്കുവന്നത്. ഇതില്‍ 58 ചിത്രങ്ങളും പുതുമുഖ സംവിധായകരുടേതായിരുന്നു. ഒരു വനിതാ സംവിധായിക മാത്രമാണ് ഉണ്ടായിരുന്നത്.

അതീവ രഹസ്യമായാണ് ഇക്കുറി പുരസ്‌കാര നിര്‍ണയ നടപടികള്‍ ചലച്ചിത്ര അക്കാദമി ആവിഷ്‌കരിച്ചത്. മത്സര രംഗത്തുള്ള 110 സിനിമകളും ആദ്യ ഘട്ടത്തില്‍ ജൂറി അംഗങ്ങള്‍ രണ്ടു ഗ്രൂപ്പായി തിരിഞ്ഞു കണ്ടു.

ഇതില്‍ മികച്ച 2021 സിനിമകള്‍ എല്ലാവരും ചേര്‍ന്നു വീണ്ടും കണ്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് നിശ്ചയിച്ചത്. സിനിമകളുടെ സ്‌ക്രീനിങ് കിന്‍ഫ്ര ഫിലിം ആന്‍ഡ് വിഡിയോ പാര്‍ക്കില്‍ അതീവ രഹസ്യമായാണു നടത്തിയത്.

അവാര്‍ഡ് വിവരം ചോരാനിടയുള്ളതിനാല്‍ കഴിഞ്ഞ രണ്ടു ദിവസമായി ജൂറി അംഗങ്ങള്‍ക്കു മൊബൈല്‍ ഫോണും വാട്സാപ് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളുമെല്ലാം വിലക്കി. കിന്‍ഫ്രയിലും ജൂറി അംഗങ്ങളുടെ താമസ സ്ഥലത്തും സന്ദര്‍ശകരെയും വിലക്കി. അക്കാദമിയുടെ ഭാരവാഹികള്‍ വരെ ആശയവിനിമയങ്ങളില്‍നിന്നു വിട്ടുനിന്നു.

pathram desk 1:
Leave a Comment