ഷുഹൈബ് വധക്കേസില്‍ കേരള പൊലീസ് ഇനി ഒന്നും ചെയ്യണ്ടെന്ന് ഹൈക്കോടതി; അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സി.ബി.ഐ

കൊച്ചി: മട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് ബ്‌ളോക്ക് പ്രസിഡന്റ് ഷുഹൈബ് വധക്കേസില്‍ ഇനി കേരള പൊലീസ് ഒന്നും ചെയ്യേണ്ടെന്ന് ഹൈക്കോടതി. നിലവിലെ അന്വേഷണത്തില്‍ കടുത്ത അതൃപ്തിയുണ്ടെന്നും പ്രതികള്‍ കയ്യിലുണ്ടായിട്ടും അവരില്‍ നിന്നും ഒന്നും ചോദിച്ചറിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു. ആയുധം എവിടെയെന്ന് പൊലീസ് ചോദിച്ചറിഞ്ഞില്ല. കൊലപാതകങ്ങള്‍ക്ക് പിന്നിലുള്ളവരെ എല്ലാവര്‍ക്കും അറിയാം. എന്നാലവര്‍ കൈകഴുകി പോകുകയാണ്. നിരന്തരമുള്ള രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്നും കോടതി പറഞ്ഞു.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. സിപിഐഎമ്മിലെ കണ്ണൂര്‍ ലോബി സ്പോണ്‍സര്‍ ചെയ്ത കൊലപാതകമാണ് ഇതെന്നാണ് ഹര്‍ജിക്കാരുടെ വാദം. ഉന്നത സിപിഐഎം നേതാക്കള്‍ക്ക് പങ്കുള്ളതിനാലാണ് സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ക്കുന്നതെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

അതേസമയം ഷുഹൈബിനെ വധിച്ച കേസിന്റെ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയില്‍ വ്യക്തമാക്കി. കോടതി പറയുകയാണെങ്കില്‍ അന്വേഷണം നടത്താന്‍ എതിര്‍പ്പില്ലെന്നും സിബിഐയുടെ അഭിഭാഷകന്‍ പറഞ്ഞു. ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിലപാട് അറിയിച്ചത്.

pathram desk 1:
Leave a Comment