കൊടികുത്തല്‍ പരാമര്‍ശം; പിണറായിക്ക് കാനത്തിന്റെ മറുപടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കാനം രാജേന്ദ്രന്‍. എഐവൈഎഫ് കൊടി കണ്ടിടത്തെല്ലാം കൊണ്ട് കുത്തുകയാണെന്ന് പിണറായി വിമര്‍ശിച്ചിരുന്നു. കൊടി കുത്തരുതെന്ന നിലപാട് എല്ലാ കൊടികള്‍ക്കും ബാധകമാണെങ്കില്‍ സിപിഐ അത് അംഗീകരിക്കുമെന്ന് കാനം പറഞ്ഞു. എഐവൈഎഫ് കൊടി കുത്തിയതു കൊണ്ടാണ് പ്രവാസി ആത്മഹത്യ ചെയ്തതെങ്കില്‍ കേസെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
കൊടി കുത്തുന്നതല്ല, ആത്മഹത്യയാണ് കുറച്ച് കൊണ്ടു വരേണ്ടതെന്നും കാനം ഓര്‍മിപ്പിച്ചു.
കൊല്ലത്ത് പ്രവാസിയായിരുന്ന സുഗതന്‍ ജീവനൊടുക്കിയ സംഭവത്തില്‍ സിപിഐ യുവജന സംഘടനയായ എഐവൈഎഫിനെതിരെ രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ സംസാരിച്ചത്. സുഗതന്റെ മരണം ദൗര്‍ഭാഗ്യകരമാണെന്നു പറഞ്ഞ മുഖ്യമന്ത്രി പണി തടസപ്പെടുത്തിയതിനാലാണ് അയാള്‍ ജീവനൊടുക്കിയതെന്നും വ്യക്തമാക്കി. നിയമം കൈയിലെടുക്കാന്‍ ആരയും അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
ഓരോ പാര്‍ട്ടിയുടേയും വിലപ്പെട്ട സ്വത്താണ് അവരുടെ കൊടിയെന്നു പറഞ്ഞ പിണറായി അത് എവിടെയങ്കിലും കൊണ്ടുപോയി നാട്ടുന്നത് ശരില്ലെന്നും തുറന്നടിച്ചു. ഏത് പാര്‍ട്ടിയാണെങ്കിലും ഈ പ്രവണത അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊടി നാട്ടിയുളള സമരം അനാവശ്യമാണ്. ഏതു പാര്‍ട്ടിയായാലും ഇതു നല്ലതിനല്ല. എല്ലാവരും എതിര്‍ത്തിട്ടും ഇപ്പോഴും നോക്കുകൂലി വ്യവസ്ഥ നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യവസായികള്‍ക്കു വേണ്ടത് പിന്തുണയാണ്. സംസ്ഥാനത്തു വ്യവസായ സൗഹൃദ അന്തരീക്ഷം ഉറപ്പാക്കണം. ട്രേഡ് യൂണിയനുകളുടെ യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു.
പുനലൂരിലെ പ്രവാസി സുഗതന്റെ ആത്മഹത്യയില്‍ ചര്‍ച്ച ആവശ്യപ്പെട്ടുളള അടിയന്തരപ്രമേയ നോട്ടിസിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സുഗതന്റെ മരണം നിര്‍ഭാഗ്യകരമാണെന്നു പറഞ്ഞ മുഖ്യമന്ത്രി എഐവൈഎഫ് എന്നുപറഞ്ഞു ചിലരാണു സുഗതന്റെ വര്‍ക്ക് ഷോപ്പില്‍ പ്രശ്‌നമുണ്ടാക്കിയതെന്നും വ്യക്തമാക്കി.
സുഗതനോട് സിപിഐ പണം വാങ്ങിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ആരോപണം തളളിയ മന്ത്രി വി.എസ്. സുനില്‍കുമാര്‍ പണം വാങ്ങി ശീലമുളളവരാണ് ഇതു പറയുന്നതെന്നു തിരിച്ചടിച്ചു. എന്നാല്‍ വര്‍ക് ഷോപ്പ് പണിയാന്‍ സുഗതന്‍ വയല്‍ നികത്തിയെന്നായിരുന്നു മന്ത്രി കെ. രാജുവിന്റെ ആരോപണം.

pathram:
Related Post
Leave a Comment