മധുവിനെ നേരത്തെയും നാട്ടുകാര്‍ ഭീഷണിപ്പെടുത്തിയിരിന്നു… വെളിപ്പെടുത്തലുകളുമായി സഹോദരി

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സഹോദരി. മധു താമസിക്കുന്ന സ്ഥലം കാട്ടിക്കൊടുത്തത് വനംവനകുപ്പ് ഉദ്യോഗസ്ഥരാണെന്നും ഈ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സഹോദരി ചന്ദ്രിക പറഞ്ഞു. മധുവിനെ നേരത്തെയും നാട്ടുകാര്‍ ഭീഷണിപ്പെടുത്തിയതായും ചന്ദ്രിക കൂട്ടിച്ചേര്‍ത്തു.

വ്യാഴാഴ്ച വൈകിട്ടാണ് മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം ക്രൂരമായ മര്‍ദ്ദനത്തിനിരയാക്കിയത്. തുടര്‍ന്നാണ് പൊലീസിന് കൈമാറിയത്. ഏഴ് പേര്‍ ചേര്‍ന്നാണ് തന്നെ മര്‍ദ്ദിച്ചതെന്ന മധു പറഞ്ഞിരുന്നു. ‘കാട്ടില്‍ നിന്നും പിടികൂടിയ തന്നെ കള്ളനെന്ന് പറഞ്ഞാണ് നാട്ടുകാര്‍ അടിക്കുകയും ചവിട്ടുകയും ചെയ്തത്. കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ ചിലര്‍ തന്റെ മൂക്കിലേക്കാണ് വെള്ളം ഒഴിച്ചതെന്നും’ മധുവിന്റെ മൊഴിയില്‍ പറയുന്നു. ഈ മൊഴി നല്‍കി അല്‍പ്പ സമയത്തിനകം തന്നെ മധു മരിച്ചെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

ഹുസൈന്‍, മാത്തച്ചന്‍, മനു, അബ്ദുള്‍ റഹ്മാന്‍, അബ്ദുള്‍ ലത്തീഫ്, അബ്ദുള്‍ കരീം, എ.പി ഉമ്മര്‍ എന്നിവരാണ് മധുവിനെ പൊലീസിന് കൈമാറിയത്. മാത്രമല്ല മധു മോഷ്ടിച്ചതാണെന്ന് പറഞ്ഞ് കുറച്ച് അരിയും പൊലീസ് വാഹനത്തില്‍ കയറ്റിയതായി എഫ്.ഐ.ആര്‍ ചൂണ്ടിക്കാട്ടുന്നു.

അതിനിടെ മധുവിന്റെ ഘാതകരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് അഗളി പൊലീസ് സ്റ്റേഷന് മുന്നില്‍ വിവിധ ഊരുകളില്‍ നിന്നെത്തിയ ആദിവാസികള്‍ റോഡ് ഉപരോധിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തവരെ കാണാന്‍ അനുവദിക്കണമെന്ന സമരക്കാരുടെ ആവശ്യം അംഗീകരിക്കാന്‍ പൊലീസ് കൂട്ടാക്കാതിരുന്നതിനെ തുടര്‍ന്നാണ് പ്രതിഷേധം റോഡ് ഉപരോധത്തിലേക്ക് നീങ്ങിയത്.

pathram desk 1:
Leave a Comment