തെറിക്കുത്തരം മുറിപ്പത്തല്‍!!! സ്‌കൂളുകളിലെ വെടിവെപ്പ് തടയാന്‍ അധ്യാപകര്‍ക്ക് തോക്കുകള്‍ നല്‍കണമെന്ന് ട്രംപ്!!

വാഷിംഗ്ടണ്‍: സ്‌കൂളുകളിലുണ്ടാകുന്ന വെടിവെപ്പ് തടയാന്‍ വ്യത്യസ്തമായ നിര്‍ദ്ദേശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെടിവെപ്പ് തടയാന്‍ അധ്യാപകര്‍ക്കും തോക്കുകള്‍ നല്‍കിയാല്‍ മതിയെന്ന അഭിപ്രായമാണ് ട്രംപിനുള്ളത്. ഫ്ളോറിഡയില്‍ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ 17 പേര്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് ട്രംപിന്റെ പ്രശ്നപരിഹാരം. ഫ്ളോറിഡയിലെ വെടിവെപ്പില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികളുമായും മരിച്ചവരുടെ മാതാപിതാക്കളുമായും നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ട്രംപ് ഈ അഭിപ്രായം മുന്നോട്ട് വച്ചത്. വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ച വികാരനിര്‍ഭരമായിരുന്നു.

പരിശീലനം ലഭിച്ച അധ്യാപകരും സുരക്ഷാ ജീവനക്കാരുമുണ്ടെങ്കില്‍ സ്‌കൂളില്‍ കുട്ടികള്‍ തോക്കുമായി എത്തുന്നതും വെടിവെയ്ക്കുന്നതും തടയാനാകുമെന്നാണ് ട്രംപ് അഭിപ്രായപ്പെട്ടത്. എന്നാല്‍ ട്രംപിന്റെ അഭിപ്രായത്തോട് അനുകൂല നിലപാടല്ല മാതാപിതാക്കളുടെയും അധ്യാപകരുടെയും ഭാഗത്തു നിന്നുണ്ടായത്. ഇപ്പോള്‍ത്തന്നെ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ അധ്യാപകര്‍ക്കുണ്ടെന്നും ആയുധപരിശീലനവും സുരക്ഷാച്ചുമതലയും കൂടി ഏല്‍പ്പിച്ച് അവരില്‍ അധിക സമ്മര്‍ദ്ദം ഏല്‍പ്പിക്കരുത് എന്നുമാണ് കൂടുതല്‍ പേരും അഭിപ്രായപ്പെട്ടത്.

ഫ്ളോറിഡ വെടിവെയ്പ്പിനെത്തുടര്‍ന്ന് ജനരോഷം ശക്തമായതിനെ തുടര്‍ന്ന് രാജ്യത്ത് തോക്കുപയോഗത്തിന് നിയന്ത്രണം വരുത്താനും തീരുമാനമായിട്ടുണ്ട്. സെമി ഓട്ടോമാറ്റിക് തോക്കുകളെ ഓട്ടോമാറ്റിക് തോക്കുകളാക്കി മാറ്റാന്‍ ഉപയോഗിക്കുന്ന ബംപ് സ്റ്റോക് ഉള്‍പ്പടെയുള്ള നിര്‍മ്മാണ സാമഗ്രികള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ട്രംപ് നീതിന്യായ വിഭാഗത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

pathram desk 1:
Related Post
Leave a Comment