നിരക്ക് വര്‍ധന അപര്യാപ്തമെന്ന് ബസുടമകള്‍; സംസ്ഥാനത്ത് നാളെ മുതല്‍ ബസ് സമരം, ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്ന നിരക്ക് വര്‍ധനയേ സാധിക്കൂവെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ സ്വകാര്യ ബസ് സമരം. നിരക്ക് വര്‍ധനയും സമരവും സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് തീരുമാനം. സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ നിരക്ക് അപര്യാപ്തമെന്ന് ബസുടമകള്‍ പറഞ്ഞു. ഇതോടെ നാളെ മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങില്ല. വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കാത്ത ഒരു ഒത്തുതീര്‍പ്പും അംഗീകരിക്കാനാകില്ലെന്നും അവര്‍ അറിയിച്ചു.

പ്രധാന ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലെന്നും നേരത്തെ നിശ്ചയിച്ചിരുന്ന അനിശ്ചിതകാല പണിമുടക്കില്‍ നിന്നും പിന്നോട്ടില്ലെന്നും സ്വകാര്യ ബസുടമകളുടെ സംഘടന യോഗത്തിന് ശേഷം അറിയിച്ചു. മിനിമം നിരക്ക് 10 രൂപയാക്കണമെന്നാണ് ബസുടമുകളുടെ ആവശ്യം. സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങുമെന്നും ബസുടമകള്‍ അറിയിച്ചു.

അതേസമയം നിരക്ക് ഇനി വര്‍ധിപ്പിക്കാനാകില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്ന നിരക്ക് വര്‍ധനയേ സാധിക്കൂ. ബസുടമകളുടെ ആവശ്യങ്ങളടക്കം പരിശോധിച്ചാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ തവണയും ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമ്പോള്‍ വിദ്യാര്‍ഥികളുടെ നിരക്കുകളും വര്‍ധിപ്പിക്കാറുണ്ട്. വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കുമ്പോഴുണ്ടാകുന്ന തുകയില്‍ നിന്നാണ് ഡീസലിന് പണം നല്‍കാറുള്ളത്. 50 ശതമാനം എങ്കിലും ഈ നിരക്ക് വര്‍ധിപ്പിക്കണമെന്നും ബസുടമ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

pathram desk 1:
Leave a Comment