ഓഖി വിമര്‍ശനത്തില്‍ ജേക്കബ് തോമസിനെതിരെ കടുത്ത നടപടി എടുക്കാന്‍ സര്‍ക്കാര്‍ നീക്കം.. പഴ്‌സണല്‍ മന്ത്രാലയത്തിന് കത്തയച്ചു

തിരുവനന്തപുരം: ഓഖി ദുരന്തം സംബന്ധിച്ച് നടത്തിയ വിമര്‍ശനങ്ങളില്‍ ഡിജിപി ജേക്കബ് തോമസിനെതിരെ കടുത്ത നടപടിക്ക് സര്‍ക്കാര്‍ നീക്കം. സര്‍ക്കാര്‍ നിലപാടുകളെ ഉദ്യോഗസ്ഥന്‍ തള്ളിപറയുന്നത് തെറ്റായ കീഴ് വഴക്കമുണ്ടാക്കുമെന്ന് കേന്ദ്ര പഴ്സണല്‍ മന്ത്രാലയത്തെയും അറിയിച്ചു. പഴ്സണല്‍ മന്ത്രാലയത്തിന്റെ അനുമതിയോടെ മാത്രമേ സര്‍ക്കാരിനു കടുത്ത തീരുമാനങ്ങളിലേക്ക് കടക്കാന്‍ കഴിയൂ.

സര്‍ക്കാരിനെതിരായ പരാമര്‍ശങ്ങള്‍ നടത്തിയതിനുള്ള ചാര്‍ജ് മെമ്മോയില്‍ പറഞ്ഞ കാര്യങ്ങളില്‍ തനിക്കു തെറ്റുപറ്റിയിട്ടില്ലെന്നാണു ജേക്കബ് തോമസിന്റെ പക്ഷം. ഓഖി ദുരന്തത്തില്‍ മുന്നറിയിപ്പു കിട്ടിയിട്ടും സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല, ദുരന്തത്തില്‍ എത്രപേര്‍ മരിച്ചെന്നറിയില്ല, ഉന്നതന്റെ മക്കളാണു മരിച്ചതെങ്കില്‍ സര്‍ക്കാര്‍ പ്രതികരണം ഇതായിരിക്കുമോ തുടങ്ങി പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണു ജേക്കബ് തോമസ് മറുപടി നല്‍കിയത്. ഇതോടെ നടപടിയില്ലെങ്കില്‍ പറഞ്ഞതു ശരിയാണെന്നു സമ്മതിക്കലാവുമെന്നാണു ചീഫ് സെക്രട്ടറിയുടെ അഭിപ്രായം.

ജേക്കബ് തോമസിന്റെ സര്‍ക്കാര്‍ വിമര്‍ശനങ്ങളില്‍ നടപടി ഉണ്ടായില്ലെങ്കില്‍ മറ്റു ഉദ്യോഗസ്ഥര്‍ക്കും വിമര്‍ശനത്തിനു പ്രേരണയാകുമെന്നാണു പഴ്സണല്‍ മന്ത്രാലയത്തിനുള്ള സര്‍ക്കാര്‍ കത്തില്‍ പറയുന്നത്. ജേക്കബ് തോമസിന്റെ മറുപടി വിശദമായി പരിശോധിച്ചശേഷം അന്വേഷണ കമ്മിഷനെ നിയോഗിക്കാനാണു സര്‍ക്കാര്‍ നീക്കം. ആറു മാസത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ കൃത്യമായ കാരണമില്ലാതെ പുറത്തു നിര്‍ത്താനും കഴിയില്ലെന്നതും അന്വേഷണ കമ്മിഷന്‍ നിയമനത്തിനു പിന്നിലുണ്ട്. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകത്തിലെ സര്‍വീസ് ചട്ടലംഘനം ചൂണ്ടിക്കാട്ടി ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റി ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ നടപടിയടക്കം ശുപാര്‍ശ ചെയ്തിരുന്നെങ്കിലും ഒന്നും സംഭവിച്ചിരുന്നില്ല. ഇതിനിടെയാണു സര്‍ക്കാരിന്റ പുതിയ നീക്കം.

സര്‍ക്കാര്‍ നീക്കം ഇതായിരിക്കെ തനിക്കെതിരെയുള്ള നീക്കത്തിനെതിരെ ജേക്കബ് തോമസ് കേന്ദ്ര അഡ്മിനിസട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.

pathram desk 1:
Leave a Comment