കുരീപ്പുഴയങ്ങു വിരണ്ടു കാണും.. ശാഖയില്‍ ചേര്‍ന്നുകാണും… നിക്കറെടുത്തിട്ടുകാണും… കുരീപ്പുഴയ്ക്ക് പിന്തുണയുമായി കെ ആര്‍ മീര

തിരുവനന്തപുരം: കവി കുരീപ്പുഴ ശ്രീകുമാറിനെതിരായ ആര്‍.എസ്.എസ് ആക്രമണത്തില്‍ പ്രതിഷേധവുമായി എഴുത്തുകാരി കെആര്‍ മീര. ആര്‍.എസ്.എസിനെ പരിഹസിച്ച് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മീര പ്രതിഷേധം രേഖപ്പെടുത്തിയത്. സംഘപരിവാറിന്റെ ഭീഷണികള്‍ക്ക് മുന്നില്‍ പതറുന്നയാളല്ല കുരീപ്പുഴയെന്നാണ് മീര പറയുന്നത്.

ഫേസ്ബുക്ക് പേജിലെ കുറിപ്പിന്‍െര്‍ പൂര്‍ണരൂപം

എഡേ മിത്രോം,
കുരീപ്പുഴയങ്ങു വിരണ്ടു കാണും.
പേടി കൊണ്ടു നാവു വരണ്ടു കാണും.
ശരീരം കിടുകിടാ വിറച്ചു കാണും.
കേട്ട തെറിയോര്‍ത്തു കരഞ്ഞു കാണും.
ഇനിയെങ്ങും പ്രസംഗിക്കുകയില്ലെന്ന് തീരുമാനിച്ചു കാണും.
ഇനി കൊന്നാലും കവിതയില്ല എന്ന് ആണയിട്ടു കാണും.
ഉള്ളിലെ ഹിന്ദുവിനെ വിളിച്ചുണര്‍ത്തിക്കാണും.
രക്തപുഷ്പാഞ്ജലി കഴിപ്പിച്ചു കാണും.
ഏലസ്സും രക്ഷയും ജപിക്കാന്‍ കൊടുത്തു കാണും.
മൃത്യുഞ്ജയത്തിനു രസീതെടുത്തു കാണും.
ജാതി സംഘടനയില്‍ അംഗത്വമെടുത്തു കാണും.
ഒരു തടയണ കൊണ്ടു പുഴയങ്ങു വരണ്ടു പോകുന്നതു പോലെ
ഒരു തടയല്‍ കൊണ്ടു കുരീപ്പുഴയങ്ങു കൂരിപ്പുഴയായിക്കാണും.
ഇഷ്ടമുടിക്കായല്‍ ക്ലിഷ്ടമുടിക്കായലായിക്കാണും.
ശാഖയില്‍ ചേര്‍ന്നു കാണും.
നിക്കറെടുത്തിട്ടു കാണും.
ചുവന്ന കുറി തൊട്ടു കാണും.
ഓറഞ്ച് ചരടു കെട്ടിക്കാണും.
എഡേ മിത്രോം,
കുരീപ്പുഴയിപ്പോള്‍ ജാതി മതില്‍ പണിയാന്‍ പോയിക്കാണും.
നാടു മുഴുവന്‍ വടയമ്പാടിയായിക്കാണും.
‘പ്രേതബാധ ഏറ്റ പോലെ രാത്രി വണ്ടി കൂകിടുമ്പോള്‍
പാലവും കേളനും’ പാടേ കുലുങ്ങിക്കാണും !

അതേസമയം കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച സംഭവത്തില്‍ 15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ കടയ്ക്കല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതികളെല്ലാം ഒളിവിലാണെന്നും ഇവരെ കണ്ടെത്തുന്നതിനുള്ള നടപടി ഊര്‍ജിതമാക്കിയെന്നും പൊലീസ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് പൊലീസിന്റെ അടിയന്തര നടപടി. സംഭവത്തെ ഗൗരവമായി കണ്ട് ഊര്‍ജിതമായ അന്വേഷണം നടത്തണമെന്ന നിര്‍ദ്ദേശം കൊല്ലം റൂറല്‍ എസ്.പിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയിരുന്നു. ഇന്നലെ രാത്രി കോട്ടുക്കലില്‍ കൈരളി ഗ്രന്ഥശാലാ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് കുരീപ്പുഴയെ ഒരു സംഘം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്. താന്‍ സഞ്ചരിക്കുകയായിരുന്ന കാറിനടുത്തെത്തിയ അക്രമികള്‍ കാറിന്റെ ഡോര്‍വലിച്ച് തുറന്ന് ആക്രമിക്കുകയായിരുന്നുവെന്ന് കുരീപ്പുഴ പറഞ്ഞു.

ഗ്രന്ഥശാലാ ചടങ്ങില്‍ വടയമ്പാടി ജാതി മതില്‍ സമരത്തെക്കുറിച്ചും ചിത്രകാരന്‍ അശാന്തന്റെ മൃതദേഹത്തോട് കാണിച്ച അനാദരവിനെ കുറിച്ചും സംസാരിച്ച അദ്ദേഹം ആര്‍എസ്എസിനെയും സംഘപരിവാറിനെയും രൂക്ഷമായി വിര്‍ശിച്ചു. ഇതിനെ തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ ആക്രമണമുണ്ടായത്

pathram desk 1:
Leave a Comment