എ.ബി.വി.പി പ്രവര്‍ത്തകന്റെ കൊലപാതകം: കണ്ണൂരില്‍ ബി.ജെ.പി ഹര്‍ത്താല്‍ തുടങ്ങി

കണ്ണൂര്‍: എ.ബി.വി.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് തുടക്കമായി. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. വാഹനങ്ങളെയും അവശ്യ സര്‍വീസുകളെയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കോളയാട് ആലപറമ്പ് സ്വദേശിയും പേരാവൂര്‍ ഐ.ടി.ഐ വിദ്യാര്‍ഥിയുമായ ശ്യാമപ്രസാദാണ് ഇന്നലെ വൈകീട്ട് കൊല്ലപ്പെട്ടത്. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ശ്യാമപ്രസാദിനെ കാറില്‍ എത്തിയ സംഘം ബൈക്ക് തടഞ്ഞു നിര്‍ത്തി വെട്ടികൊലപ്പെടുത്തുകയായിരുന്നു. കോളയാട് കൊമ്മേരി ഗോട്ട് ഫാമിനു സമീപം ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെ ആയിരുന്നു സംഭവം.

ശ്യാം പ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കസ്റ്റഡിയിലെടുത്ത നാല് എസ്ഡിപിഐ പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. രാഷ്ട്രീയ വൈരാഗ്യം തന്നെയാണ് കൊലപാതക കാരണമെന്ന് ജില്ലാ പൊലീസ് മേധാവി ശിവ വിക്രം പറഞ്ഞു. ഏകപക്ഷീയമായാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം ഉണ്ടാകുന്നതെന്ന് ബിജെപി നേതാവ് വത്സന്‍ തില്ലങ്കേരി പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം പരിയാരം മെഡിക്കല്‍ കോളെജില്‍ നിന്നും വിലാപയാത്രയായി കൊണ്ടു പോകും. തളിപ്പറമ്പ് കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റ്, കൂത്തുപറമ്ബ് ടൗണ്‍, കണ്ണവം എന്നിവിടങ്ങളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

pathram desk 1:
Leave a Comment