ബി.ജെ.പി എം.പിയുടെ വീട്ടില്‍ വിരുന്നിന് എത്തിയ വെങ്കയ്യനായിഡുവിന്റെ ഷൂ ആരോ അടിച്ചുമാറ്റി, അരിച്ചു പെറുക്കി സുരക്ഷാഭടന്‍മാര്‍

ബംഗളുരു: ആരാധനാലയങ്ങള്‍ പോകുമ്പോള്‍ ഷൂ അടിച്ചുമാറ്റി പോകുന്ന സംഭവം പലര്‍ക്കും അനുഭവമുള്ളതായിരിക്കും. ഇന്ത്യയില്‍ ഇതൊരു സ്വാഭാവിക കാര്യമാണ്. എന്നാല്‍ ഇവിടെ ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിന്റെ ഷൂ ആരോ അടിച്ചുമാറ്റികൊണ്ടു പോയി. എന്നാല്‍ സംഭവം ഏതെങ്കിലും ആരാധനാലയത്തില്‍ നിന്നൊന്നുമല്ല. ബംഗളുരുവില്‍ ഒരു ബി.ജെ.പി എം.പിയുടെ വീട്ടില്‍ നിന്നാണ്.

ബംഗളുരുവില്‍ ഔദ്യോഗിക പരിപാടികള്‍ക്കെത്തിയ ഉപരാഷ്ട്രപതി അവിടുത്തെ എം.പിയായ പി.സി മോഹനന്റെ വീട്ടില്‍ നിന്നാണ് പ്രഭാതഭക്ഷണം കഴിച്ചത്. കേന്ദ്രമന്ത്രിമാരായ സദാനന്ദ ഗൗഡയും അനന്ത് കുമാറും ഉപരാഷ്ട്രപതിക്കൊപ്പം ഉണ്ടായിരുന്നു. ഭക്ഷണം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് തന്റെ ഷൂ കാണാനാനില്ലെന്ന് വെങ്കയ്യ നായിഡുവിന് മനസിലായത്.

സുരക്ഷാഭടന്‍മാര്‍ വീടിന്റെ പരിസരം മുഴുവന്‍ അരിച്ചു പെറുക്കിയിട്ടും ഷൂ അവിടെയെങ്ങും കണ്ടെത്താന്‍ കഴിഞ്ഞില്ല. നായിഡുവിനെ കാണാന്‍ നിരവധി പേര്‍ പുറത്ത് കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ഇവരിലാരെങ്കിലും ഷൂ അടിച്ചുമാറ്റി കൊണ്ടു പോയതാകാനാണ് സാധ്യത.എന്തായാലും പോയത് പോയി. ഉടന്‍തന്നെ സുരക്ഷാ ജീവനക്കാര്‍ അടുത്തുള്ള ചെരിപ്പുകടയിലെത്തി പുതിയ ഷൂ വാങ്ങിച്ചു. അത് ധരിച്ചാണ് പിന്നീട് ഉപരാഷ്ട്രപതി മറ്റ് ഔദ്യോഗിക പരിപാടികളില്‍ പങ്കെടുത്തത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7