മലയാളികൾക്ക് ഗൃഹാതുരമായ ഓർമകളാണ് പി ജയചന്ദ്രൻ എന്ന ഭാവഗായകൻ പാടിത്തന്നിട്ടുള്ളത്. മലയാളികൾ എന്നും മൂളാൻ ആഗ്രഹിക്കുന്ന ഒട്ടനവധി ഗാനങ്ങൾ ആലപിച്ച പി ജയചന്ദ്രൻ മലയാളികളുള്ളിടത്തോളം ഓർമയിലുണ്ടാകും. പഠനകാലത്ത് സ്‍കൂൾ യുവജനത്സവങ്ങളിലൂടെ ആയിരുന്നു ജയചന്ദ്രൻ കലാരംഗത്ത് വരവറിയിച്ചത്. യുവജനോത്സവത്തിൽ മൃദംഗ വായന, ലൈറ്റ് മ്യൂസിക് എന്നിവയിൽ സമ്മാനങ്ങൾ. 1958 ലെ സംസ്ഥാന യുവജനമേളയിൽ യേശുദാസ് മികച്ച ക്ലാസിക്കൽ ഗായകനുള്ള പുരസ്‍കാരം നേടിയപ്പോൾ മികച്ച മൃദംഗവിദ്വാനുള്ള അവാർഡ് നേടിയത് പി ജയചന്ദ്രനായിരുന്നു. പിന്നീട് ഒരാൾ ഗാനഗന്ധർവനായപ്പോൾ മറ്റേയാൾ ഭാവഗായകനുമായത് കാലത്തിന്റെ കരവിരുത്.
ജയചന്ദ്രന്റെ സ്വരമാധുരി ആദ്യമായി മലയാളികൾ കേട്ടത് ‘കളിത്തോഴനി’ലൂടെയായിരുന്നു. ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി’, ‘ധനു മാസ ചന്ദ്രിക വന്നു’ എന്നു തുടങ്ങുന്ന ആദ്യ ഗാനത്തോടെ പി ജയചന്ദ്രൻ വരവറിയിച്ചു. ‘കുഞ്ഞാലി മരയ്‍ക്കാർ’ എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യം പാടിയതെങ്കിലും പുറത്തുവന്നത് ‘കളിത്തോഴനാ’യിരുന്നു. തുടർന്നങ്ങോട്ട് ‘മലയാള ഭാഷതൻ മാദക ഭംഗി’, ‘അനുരാഗ ഗാനം പോലെ’, ‘രാഗം’, ‘ശ്രീരാഗം’, ‘പ്രായം നമ്മിൽ’, ‘വെള്ളിത്തേൻ കിണ്ണം പോലെ’ തുടങ്ങി നിരവധി അനവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹത്തിന്റെ ശബ്‍ദത്തിൽ മലയാളികൾ കേട്ടു. തന്റെ 70-ാം വയസിൽ തന്നിലെ കൗമാരക്കാരന്റെ പ്രണയഭാവങ്ങൾ ഭാവതീവ്രമാക്കിയ ഓലഞ്ഞാലിക്കുരുവി ഇളം കാറ്റിലാടി വരൂ നീ… 10 വർഷങ്ങൾക്കിപ്പുറവും അതേ തീവ്രതയോടെ മലയാളിയുടെ ചുണ്ടുകളിൽ താളമിടുന്നു.
യുവത്വത്തെ പ്രണയിപ്പിച്ച ഭാവഗായകന് വിട, സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് ചേന്ദമംഗലം പാലിയത്ത് തറവാട്ട് വീട്ടിൽ
അമ്പത് കൊല്ലത്തെ സംഗീത ജീവിതത്തിൽ ആദ്യമായി പി ജയചന്ദ്രൻ സംഗീത സംവിധാനം നിർവഹിച്ച ഒരു ഗാനം 2022 മാർച്ചിൽ പുറത്തുവിട്ടിരുന്നു. ‘നീലിമേ’ എന്ന് തുടങ്ങുന്ന ഗാനം പാടിയതും പി ജയചന്ദ്രനാണ്. ബികെ ഹരിനാരായണനാണ് ഗാനം എഴുതിയത്. സംഗീത സംവിധായകൻ റാം സുരേന്ദർ ഗാനത്തിന്റെ ഓർക്കസ്‍ട്രേഷൻ നിർവഹിച്ചു.
ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്‍ക്കുള്ള ജെസി ഡാനിയൽ അവാർഡ്, ‘ശ്രീ നാരായണ ഗുരു’ എന്ന ചിത്രത്തിലെ ഗാനത്തിന് മികച്ച ഗായകനുള്ള ദേശീയ അവാർഡ്, അഞ്ച് തവണ കേരള സർക്കാരിന്റെ ചലച്ചിത്ര അവാർഡിൽ മികച്ച ഗായകൻ തുടങ്ങി മികച്ച ഗായകനുള്ള തമിഴ്‍നാട് സംസ്ഥാന അവാർഡും പി ജയചന്ദ്രനെ തേടിയെത്തി. തമിഴ്‍നാട് സംഗീത ലോകത്ത് 30 വർഷങ്ങൾ പ്രവർത്തിച്ചതിന് തമിഴ്‍നാട് സർക്കാരിന്റെ കലൈ മാമണി പുരസ്‍കാരവും ലഭിച്ചു. എ ആർ റഹ്‍മാന്റെ സംഗീതത്തിൽ ജയചന്ദ്രൻ ഹിന്ദി ഗാനവുമാലപിച്ചിട്ടുണ്ട്.