സംഗീതസംവിധായകൻ എആർ റഹ്മാനും ഭാര്യ സൈറ ഭാനുവും വിവാഹമോചിതരാകുന്നുവെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെ മറ്റൊരു വിവാഹ മോചനവും വാർത്തയിൽ ഇടം പിടിക്കുന്നു. റഹ്മാന്റെ ട്രൂപ്പിലെ ബേസ് ഗിറ്റാറിസ്റ്റായ മോഹിനി ഡേ ആണ് താന്‍ വിവാഹബന്ധം അവസാനിപ്പിച്ചതായി ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ അറിയിച്ചത്.
മോഹിനിയും ഭര്‍ത്താവും സംഗീതസംവിധായകനുമായ മാര്‍ക്ക് ഹാര്‍സച്ചും സംയുക്തമായാണ് ഇന്‍സ്റ്റഗ്രാമിലൂടെ വേർപിരിയൽ പ്രഖ്യാപനം നടത്തിയത്. പരസ്പര ധാരണയോടെയാണ് ദാമ്പത്യബന്ധം അവസാനിപ്പിക്കുന്നതെന്നും തങ്ങളുടെ തീരുമാനത്തെ പോസിറ്റീവായി കണ്ട് അംഗീകരിക്കണമെന്നും സ്വകാര്യത മാനിക്കണമെന്നും ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
‘ഞാനും മാർക്കും വേർപിരിഞ്ഞത് ഹൃദയഭാരത്തോടെ എല്ലാവരേയും അറിയിക്കുകയാണ്. ആദ്യം ഞങ്ങളുടെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടുമുള്ള പ്രതിബദ്ധത അറിയിക്കുന്നു. പരസ്പര ധാരണയോടെയാണ് ഞങ്ങൾ വേർപിരിഞ്ഞത്. നല്ല സുഹൃത്തുക്കളായി തുടരും. ജീവിതത്തിൽ വ്യത്യസ്തമായ കാര്യങ്ങൾ വേണമെന്നും പരസ്പര ഉടമ്പടിയിലൂടെയുള്ള വേർപിരിയലാണ് മുന്നോട്ട് പോകാനുള്ള ഏറ്റവും നല്ല മാർഗമെന്നും ഞങ്ങൾ തീരുമാനിച്ചു’, മോഹിനി കുറിച്ചു.
വിവാഹബന്ധം വേർപെടുത്തിയാലും താനും മാർക്കും പ്രോജക്ടുകളിൽ സഹകരിക്കുന്നത് തുടരുമെന്നും മോഹിനി കൂട്ടിച്ചേർത്തു. തങ്ങളുടെ തീരുമാനത്തെ സുഹൃത്തുക്കളും ആരാധകരും പിന്തുണയ്ക്കണമെന്നും മോഹിനി കുറിപ്പിലൂടെ അഭ്യർഥിച്ചു. കൊല്‍ക്കത്ത സ്വദേശിയാണ് 28കാരിയായ മോഹിനി എആര്‍ റഹ്‌മാനൊപ്പം നിരവധി രാജ്യങ്ങളിലായി നാല്‍പ്പതിലേറെ ഷോകളില്‍ പങ്കെടുത്തിട്ടുണ്ട്.