ട്രെയിനിൽ വാ മൂടിക്കെട്ടി സമരം

റെയിൽവേ നിലപാടുകളിൽ പ്രതിഷേധിച്ച് നാളെ എറണാകുളം മെമുവിൽ വാ മൂടിക്കെട്ടി സമരം, ജില്ലയിലെ യാത്രാക്ലേശം നേരിട്ടറിയാൻ എ. എം ആരിഫ് എം പി. നാളെ എറണാകുളം മെമു ട്രെയിനിൽ യാത്രക്കാർക്കൊപ്പം”

ആലപ്പുഴ വഴിയുള്ള യാത്രക്കാരോടുള്ള അവഗണനയ്ക്കും തുടർച്ചയായി ആവശ്യങ്ങളെ നിരാകരിക്കുകയും ചെയ്യുന്ന റെയിൽവേ നിലപാടുകൾക്കും എതിരെ നാളെ ആലപ്പുഴയിൽ നിന്ന് എറണാകുളത്തേയ്ക്ക് യാത്രക്കാർ വാ മൂടിക്കെട്ടി യാത്രചെയ്യുന്നു. ആലപ്പുഴയിൽ നിന്ന് ആരംഭിക്കുന്ന പ്രതിഷേധ യാത്ര ബഹുമാനപ്പെട്ട എം പി ശ്രീ. എ. എം ആരിഫ് ഉദ്ഘാടനം നിവ്വഹിക്കും. ശേഷം മെമുവിലെ യാത്രക്കാർക്കൊപ്പം സഞ്ചരിച്ച് പ്രതിഷേധത്തിന്റെ ഭാഗമാകുമെന്നും അദ്ദേഹം അറിയിച്ചു. അനിയന്ത്രിതമായ മെമുവിലെ തിരക്കും വന്ദേഭാരത്‌ മൂലം പിടിച്ചിടുന്ന ട്രെയിനുകളിലെ യാത്രക്കാർ അനുഭവിക്കുന്ന ദുരിതവും അനിശ്ചിതാവസ്ഥയിലായ ഇരട്ടപ്പാതയുമടക്കം നിരവധി പ്രശ്നങ്ങൾ തീരദേശപാതയെ അലട്ടുന്നുണ്ട്. യാത്രക്കാരുടെ ആവശ്യങ്ങൾക്ക് നേരെ മുഖം തിരിച്ചു നിൽക്കുന്ന റെയിൽവേയുടെ സമീപനങ്ങളാണ് പ്രതിഷേധതിലേയ്‌ക്ക് നയിച്ചത്.

കായംകുളം പാസഞ്ചർ വന്ദേഭാരത് മൂലം കുമ്പളത്ത് പിടിച്ചിടുകയും തുടർച്ചയായി വൈകുകയും ചെയ്തപ്പോൾ വന്ദേഭാരതിന്റെ സമയം പുനക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ച യാത്രക്കാരെ കൂടുതൽ നിരാശരാക്കുന്ന നിലപാടാണ് റെയിൽവേ സ്വീകരിച്ചത്. വന്ദേഭാരത്‌ മൂലം ട്രെയിനുകൾ വൈകുന്നില്ലെന്ന് പ്രസ്താവന ഇറക്കിയ റെയിൽവേ കായംകുളം പാസഞ്ചറിന്റെ വൈകിയോടിക്കൊണ്ടിരുന്ന സമയത്തിൽ തന്നെ ആധികാരികമായി സ്ഥിരപ്പെടുത്തുകയായിരുന്നു. വർഷങ്ങളായി മെമുവിലെ യാത്രക്കാർ നേരിടുന്ന ദുരിതവും പരിഹരിക്കാൻ റെയിൽവേ താത്പര്യം പ്രകടിക്കുന്നില്ല. റെയിൽവേയുടെ അധാർമ്മികവും ധിക്കാരപരവുമായ തീരുമാനങ്ങളാണ് പ്രതിഷേധത്തിൽ കൊണ്ടുചെന്നെത്തിച്ചതെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് സെക്രട്ടറി ലിയോൺസ് ജെ അഭിപ്രായപ്പെട്ടു.

വന്ദേഭാരത് മൂലം കായംകുളം പാസഞ്ചർ കുമ്പളത്ത് 40 മിനിറ്റിലേറെ പിടിച്ചിടുമ്പോൾ ആലപ്പുഴ, അമ്പലപ്പുഴ ഹരിപ്പാട് സ്റ്റേഷനുകളിൽ നിന്ന് ബസ് മാർഗ്ഗം വീടുകളിൽ എത്തിച്ചേരാൻ സാധിക്കുന്നില്ലെന്ന ദുരിതം ചൂണ്ടിക്കാട്ടിയാണ് യാത്രക്കാർ സമരം ചെയ്തത്. എന്നാൽ ചേപ്പാട് നിന്ന് കായംകുളം ജംഗ്ഷനിലേയ്ക്ക് ഓടിയെത്താനുള്ള കായംകുളം പാസഞ്ചറിന് നൽകിയ അധിക സമയത്തിൽ കുറവ് വരുത്തി വേഗത വർദ്ധിപ്പിച്ചു വെന്ന് വരുത്തി തീർക്കുകയും, പാസഞ്ചർ 20 മിനിറ്റ് വൈകി എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്ന വിധം ക്രമീകരിക്കുകയുമാണ് റെയിൽവേ ചെയ്തത്. ആലപ്പുഴ, അമ്പലപ്പുഴ സ്റ്റേഷനിൽ വൈകിയെത്തിയിരുന്ന സമയമാണ് ഈ തീവണ്ടിയ്‌ക്ക് ഇപ്പോൾ നൽകിയിരിക്കുന്നത്. വിഷമതകൾ വിളിച്ചുപറഞ്ഞവരുടെ വായിൽ “ഉത്തരവുകൾ” തുന്നിക്കെട്ടി നിശബ്ദരാക്കാനുള്ള റെയിൽവേയുടെ ശ്രമമാണ് വാമൂടിക്കെട്ടിയ സമരത്തിലേക്ക് യാത്രക്കാരെ നയിച്ചത്

നിലവിലെ സമയക്രമത്തിൽ കായംകുളം പാസഞ്ചർ പിന്നിടുന്ന സ്റ്റേഷനുകളിൽ നിന്ന് പ്രാദേശിക ബസ് സർവീസുകൾ ലഭിക്കാതെ വരികയും മറ്റു മാർഗ്ഗമില്ലാതെ സ്ത്രീകൾ ജോലി ഉപേക്ഷിക്കേണ്ട സാഹചര്യവുമാണ് സംജാതമായിരിക്കുന്നത്. റെയിൽവേയുടെ ഈ നിലപാട് മൂലം സാധാരണക്കാരന്റെ അന്നം മുടക്കുകയാണ് ഇന്ന് വന്ദേഭാരത്‌. നിരവധി വിദ്യാർത്ഥികളുടെ യാത്ര ഇന്ന് ആശങ്കയിലാണ്. രാത്രി വളരെ വൈകി സ്റ്റേഷനുകളിൽ ഇറങ്ങേണ്ടി വരുന്ന സ്ത്രീ യാത്രക്കാരുടെ സുരക്ഷിതത്വവും ഭീഷണിയിലാണ്.

വന്ദേഭാരതിന് വേണ്ടി ആലപ്പുഴയിലെ ബഹുഭൂരിപക്ഷം വരുന്ന യാത്രക്കാരെ തീരാദുരിതത്തിലേക്ക് തള്ളിവിടുകയാണ് റെയിൽവേ ചെയ്തത്.. വന്ദേഭാരതിന്റെ സമയം മുന്നോട്ടോ, പിന്നോട്ടോ ചെറിയ മാറ്റങ്ങളിലൂടെ പരിഹരിക്കാവുന്ന പ്രശ്നം റെയിൽവേ കൂടുതൽ സങ്കീർണ്ണമാക്കുകയാണ് ചെയ്തത്. പ്രായോഗികമല്ലാത്ത സമയക്രമമാണ് വന്ദേഭാരതിന് നൽകിയിരിക്കുന്നത്. അതുമൂലം വന്ദേഭാരതിന് സമയക്രമം പാലിക്കാൻ കഴിയാതെ വരികയും മറ്റു ട്രെയിനുകൾ പിടിച്ചിടുന്ന സമയത്തിൽ വീണ്ടും വർദ്ധനവ് ഉണ്ടാകുകയുമാണ് ചെയ്തത്. യാത്രക്കാർ വന്ദേഭാരതിന് എതിരല്ല, എന്നാൽ വന്ദേഭാരതിനെതിരെ ശബ്ദിക്കാൻ യാത്രക്കാരെ റെയിൽവേ നിർബന്ധിതരാക്കുകയാണ്.

തീരദേശപാതയിൽ അധികഠിനമായ യാത്രാക്ലേശമാണ് അനുഭവപ്പെടുന്നത്. രാവിലെയും വൈകുന്നേരവും ട്രെയിനിലെ അതികഠിനമായ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. രാവിലെ ആലപ്പുഴയിൽ നിന്ന് എറണാകുളത്തേയ്ക്കുള്ള മെമുവിൽ തിങ്ങിഞെരുങ്ങിയുള്ള യാത്രയ്ക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. മാനസികമായും ആരോഗ്യപരമായും അവശതയിലാണ് ഇവിടെ ഓരോ യാത്രയും അവസാനിക്കുന്നത്.
കായംകുളം എക്സ്പ്രസ്സിലെ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കാനും രാവിലെത്തെ മെമുവിലെ തിരക്ക് കുറയ്ക്കാനുമുള്ള നടപടിയും റെയിൽവേയുടെ ഭാഗത്ത് നിന്നും അടിയന്തിരമായി ഉണ്ടാകണം. ഓഫീസ് സമയം പാലിക്കുന്ന ട്രെയിനുകൾ പിടിച്ചിടുന്നതും ഒഴിവാക്കണം. അനിശ്ചിതാവസ്ഥയിലുള്ള ഇരട്ടപ്പാതയുമായി ബന്ധപ്പെട്ട ജോലികളും അടിയന്തിരമായി പൂർത്തിയാക്കേണ്ടതുണ്ട്.
ഏറനാടിന് ശേഷം രണ്ട് മണിക്കൂർ ഇടവേളയിലാണ് ഇപ്പോൾ കായംകുളം എക്സ്പ്രസ്സ്‌ സർവീസ് നടത്തുന്നത്. വൈകുന്നേരത്തെ തിരക്ക് വർദ്ധിക്കുന്നതിന് ഇതൊരു പ്രധാന കാരണമായി യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. വന്ദേഭാരതിന് വേണ്ടി മാറ്റിക്രമീകരിച്ച വൈകുന്നേരത്തെ കായംകുളം പാസഞ്ചറിന്റെ പഴയ സമയക്രമമായ ആറുമണിയിലേയ്ക്ക്‌ തന്നെ ആത്യന്തികമായി പുനസ്ഥാപിക്കണമെന്നും യാത്രാക്ലേശം പരിഹരിക്കുന്നതിന് രാവിലെയും വൈകുന്നേരവും ഒരു മെമു സർവീസ് കൂടി പരിഗണിക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം. എറണാളത്ത് അവസാനിക്കുന്ന പ്രതിഷേധയാത്രയെ ജംഗ്ഷനിൽ അഭിസംബോധന ചെയ്ത് സംസാരിച്ച ശേഷം എം പി ശ്രീ. എം എ ആരിഫ് യാത്രക്കാരുടെ പരാതി രേഖപ്പെടുത്തുകയും ചെയ്യുന്നതാണ്.

ട്രെയിനുകളുടെ ദൗർലഭ്യവും പിടിച്ചിടലും മൂലം കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്ന യാത്രക്കാർ
നീതി തേടിയുള്ള യാത്രയാണ്.. ഈ നിശബ്ദതയും നിസ്സഹായതയാണ്.. എല്ലാ യാത്രക്കാരും പ്രതിഷേധവുമായി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു…

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7