മലയാള നായികനടിയുടെ പിറന്നാള്‍ സ്വന്തം സിനിമയുടെ സെറ്റില്‍ ആഘോഷിക്കുന്ന രാം ഗോപാല്‍ വര്‍മയുടെ വിഡിയോ ആരാധകരുടെ ഇടയില്‍ ചര്‍ച്ച. നടി മാനസയുടെ പിറന്നാള്‍ ആണ് ‘വ്യൂഹം’ സിനിമയുടെ സെറ്റില്‍ വച്ച് ആഘോഷമാക്കി മാറ്റിയത്. രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്യുന്ന വ്യൂഹത്തില്‍ അജ്മല്‍ അമീറും മാനസ രാധാകൃഷ്ണനുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
കേക്ക് മുറിക്കുന്നതിനിടെ മാനസയെ ഞെട്ടിച്ചു കൊണ്ടുള്ള ഒരു ഇടപെടലും വര്‍മയുടെ ഭാഗത്തു നിന്നുമുണ്ടായി. മാനസയുടെ കയ്യില്‍ നിന്നും കേക്ക് മുറിക്കുന്ന കത്തി വാങ്ങി പെട്ടെന്ന് കേക്ക് കുത്തിക്കുത്തി മുറിക്കുന്ന ആര്‍ജിവിയെ വിഡിയോയില്‍ കാണാം. പെട്ടെന്നുള്ള ഞെട്ടലില്‍ അമ്പരപ്പ് മാറാതെയാണ് മാനസ പിന്നീട് കേക്ക് മുറിക്കല്‍ തുടര്‍ന്നത്. നായകന്‍ അജ്മല്‍ അമീറും സെറ്റിലെ പിറന്നാള്‍ ആഘോഷവേളയില്‍ ഉണ്ടായിരുന്നു.
തെലുങ്ക് ചിത്രമായ വ്യൂഹം വൈഎസ്ആര്‍. രാഷ്ട്രീയം മറ്റൊരു വീക്ഷണകോണില്‍ നിന്നും അവതരിപ്പിക്കുന്ന ചിത്രമാണ്. ഈ ചിത്രത്തിന്റെ ടീസര്‍ നേരത്തെ തന്നെ പുറത്തിറങ്ങിയിരുന്നു. ചില രാഷ്ട്രീയ വിമര്‍ശനങ്ങള്‍ കൂടി അടങ്ങിയ ചിത്രമാകും വ്യൂഹം എന്നാണ് സൂചന. വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പത്‌നി വൈ.എസ്. ഭാരതിയുടെ വേഷമാണ് ‘വ്യൂഹം’ സിനിമയില്‍ മാനസാ രാധാകൃഷ്ണന്‍ അവതരിപ്പിക്കുക. ജഗന്‍ മോഹനായി അജ്മല്‍ എത്തുന്നു. സിനിമ രണ്ട് ഭാഗങ്ങളിലായാണ് റിലീസ് ചെയ്യുന്നത്.
ബോളിവുഡില്‍ ഊര്‍മിള മാതോന്ദ്കര്‍, നിഷ കോത്താരി, ജിയാ ഖാന്‍ തുടങ്ങിയ നടിമാരെ അവതരിപ്പിച്ച സംവിധായകനാണ് രാം ഗോപാല്‍ വര്‍മ. ഇദ്ദേഹം വിവാദങ്ങളുടെ തോഴന്‍ കൂടിയാണ്. സിനിമകളിലെ ഉള്ളടക്കം തന്നെയാണ് വിഷയം. എന്നാല്‍, അതില്‍ നിന്നും വ്യതിചലിച്ച ചിത്രമാകും ‘വ്യൂഹം’.
2008ലെ ‘കണ്ണുനീരിലും മധുരം’ എന്ന സിനിമയിലൂടെ ബാലതാരമായാണ് മാനസ രാധാകൃഷ്ണന്റെ തുടക്കം. മൂന്നു സിനിമകളില്‍ ബാലതാരമായി. മലയാളത്തില്‍ സുരേഷ് ഗോപി ചിത്രം പാപ്പനില്‍ ആശ ശരത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് മാനസാ രാധാകൃഷ്ണനാണ്.
അടുത്തിടെ മലയാളി മോഡലായ കോട്ടയം സ്വദേശി ശ്രീലക്ഷ്മി സതീഷിനെക്കുറിച്ചുള്ള സംവിധായകന്‍ രാം ഗോപാല്‍ വര്‍മയുടെ പോസ്റ്റ് വൈറലായിരുന്നു. പുതിയ ചിത്രത്തില്‍ നായികയായി അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്നു ചോദിച്ചായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.