കൊച്ചി: കടവന്ത്ര ഗാന്ധിനഗറിലെ പാർക്കിനുള്ളിലെ ഊഞ്ഞാലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ വാഴക്കുളം സ്വദേശി ഫർഹാനാണ് (21) മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ ഒരു മണിയോടെ ഇയാളുടെ പെൺസുഹൃത്താണ് മൃതദേഹം കണ്ടത്. അർദ്ധരാത്രി 12 മണിയോടെ പെൺസുഹൃത്തിനൊപ്പം യുവാവ് ഗ്രൗണ്ടിലെത്തുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.
പാർക്കിനുള്ളിൽ വച്ചി ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായതായും അതിനുശേഷം യുവാവ് ഊഞ്ഞാലിന്റെ ചെയിനിൽ തൂങ്ങിമരിക്കുകയായിരുന്നു എന്നുമാണ് പ്രാഥമിക നിഗമനം. വഴക്കിട്ട് യുവാവിനോട് പിണങ്ങിപ്പോയ പെൺകുട്ടി ഒരു മണിക്കൂറിനുശേഷം തിരിച്ചെത്തിയപ്പോഴാണ് ഫർഹാനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പാർക്കിന് സമീപം താമസിക്കുന്ന പെൺകുട്ടി വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാരും കടവന്ത്ര പോലീസും സ്ഥലത്തെത്തി. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.