കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സന്യാസിമാരെയും മതനേതാക്കളെയും അപമാനിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി. സംസ്ഥാന സർക്കാർ ‘ഗോമാതാവിനെ’ സംരക്ഷിക്കുമെന്നും സന്യാസികളെ അപമാനിക്കുന്നവരെ ജയിലിലടയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊൽക്കത്തയിലെ നേതാജി ഇൻഡോർ സ്റ്റേഡിയത്തിൽ ബംഗൂർ ജാഗരൺ മഞ്ച് സംഘടിപ്പിച്ച ഭഗവദ്ഗീത പാരായണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“യാതൊരു മടിയും കൂടാതെ ഭഗവദ്ഗീത പാരായണം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുക, ഹനുമാൻ ചാലിസ വിതരണം ചെയ്യുക. ഹരേ കൃഷ്ണ മന്ത്രം ജപിക്കുക, ശംഖ് മുഴക്കുക. ഒന്നിനെയും ഭയപ്പെടാനില്ല. കാറ്റ് മാറി”- സുവേന്ദു അധികാരി പറഞ്ഞു. ഏകദേശം 11,000 പേർ പങ്കെടുത്ത പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ പരാമർശം.
സന്യാസിമാരെയും പുരോഹിതരെയും മതനേതാക്കളെയും അവരുടെ വിശ്വാസങ്ങൾ പ്രചരിപ്പിക്കാൻ അനുവദിക്കണമെന്നും സുവേന്ദു അധികാരി പറഞ്ഞു. ബാഗേശ്വർ ബാബയുടെ പശ്ചിമ ബംഗാൾ സന്ദർശനത്തെ പരാമർശിച്ച അദ്ദേഹം, അദ്ദേഹത്തിന്റെ ചിത്രങ്ങളും കോലങ്ങളും കത്തിച്ച സംഭവങ്ങളിൽ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
കശ്മീരിന് സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന ‘തുക്ഡേ തുക്ഡേ ഗ്യാങി’നെതിരെ ജാഗ്രത പാലിക്കണമെന്നും ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും സുവേന്ദു അധികാരി ആവശ്യപ്പെട്ടു. മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ ‘ആസാദി’ പരാമർശത്തെയും അദ്ദേഹം വിമർശിച്ചു. ഇന്ത്യയ്ക്ക് 1947ൽ സ്വാതന്ത്ര്യം ലഭിച്ചതാണെന്നും ഇത്തരം പ്രസ്താവനകൾ നടത്തിയാൽ ദേശീയവാദികൾ അവരെ ‘പാഠം പഠിപ്പിക്കുമെന്നും’ അദ്ദേഹം പറഞ്ഞു.
അതേസമയം, പരിപാടിയിൽ മുഖ്യമന്ത്രി എന്ന നിലയിലല്ല, ‘സനാതനി’ എന്ന നിലയിലാണ് പങ്കെടുത്തതെന്നും സുവേന്ദു അധികാരി പറഞ്ഞു. ഡിസംബർ 29ന് കൊൽക്കത്തയിൽ ഏകദേശം 10 ലക്ഷം പേരെ പങ്കെടുപ്പിച്ച് ഭഗവദ്ഗീത പാരായണ പരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.





