കൽപ്പറ്റ: വാഴവറ്റയിലെ എടത്തിൽ ആദിവാസി ഉന്നതിയിൽ അമ്മിണി എന്ന സ്ത്രീ മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസിന്റെ കണ്ടെത്തൽ. കൊലപാതകത്തിൽ അയൽവാസിയായ വയോധികയെ പോലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ 28-ന് രാത്രിയിൽ മദ്യപിച്ചതിനെത്തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.
കൊല്ലപ്പെട്ട അമ്മിണിയും ഭർത്താവും മദ്യപിച്ചെത്തി അയൽവാസിയായ വയോധികയെ ചീത്തവിളിക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്യുകയായിരുന്നു. ആക്രമണത്തിനിടെ അമ്മിണി മുടിയിൽ ചുറ്റിപ്പിടിച്ചതോടെ വയോധിക ഇവരുടെ കഴുത്ത് ഞെരിക്കുകയായിരുന്നെന്നാണ് വിവരം. പിറ്റേന്ന് രാവിലെയോടെയാണ് അമ്മിണി മരിച്ചതായി മനസ്സിലായത്.
തുടക്കത്തിൽ സ്വാഭാവിക മരണമാണെന്ന് കരുതിയിരുന്നെങ്കിലും പിന്നീട് മൃതദേഹം ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് കഴുത്ത് ഞരിച്ചതിനെത്തുടർന്നാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായത്. വയോധികയെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി, റിമാൻഡ് ചെയ്ത് ജയിലിലേക്കയയച്ചു.