തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ 20 വർഷം പഴക്കമുള്ള വിജിലൻസ് കേസ് വീണ്ടും പരിശോധിക്കാൻ നീക്കം. സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറി ആയിരിക്കെ നടന്ന കെഎസ്ടിപി അഴിമതി ആരോപണവുമായി ബന്ധപ്പെട്ട പഴയ അന്വേഷണ ഫയലുകളാണ് ആഭ്യന്തര വകുപ്പ് വീണ്ടും തേടിയത്. കെഎസ്ടിപി പദ്ധതിയുടെ കരാർ ഏറ്റെടുത്ത പതിബെൽ കമ്പനിയുടെ എഞ്ചിനീയർ ലീ ബിൻ സീന്റെ ആത്മഹത്യയും കേസിന്റെ ഭാഗമാണ്. ആത്മഹത്യാക്കുറിപ്പിൽ ഗ്യാനേഷ് കുമാറിന്റെ പേര് പരാമർശിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ.
കോൺഗ്രസ് നേതാവ് മലയിൻകീഴ് വേണുഗോപാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പിന്റെ നടപടി എന്നാണ് വിവരം. വർഷങ്ങൾക്ക് മുമ്പ് നടന്ന അന്വേഷണവുമായി ബന്ധപ്പെട്ട ഫയലുകളാണ് ഇപ്പോൾ വീണ്ടും പരിശോധിക്കുന്നത്. 2006ൽ കെഎസ്ടിപി പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് ഗ്യാനേഷ് കുമാറിനെ പൊതുമരാമത്ത് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. തുടർന്ന് വിജിലൻസ് പ്രാഥമിക അന്വേഷണവും നടന്നിരുന്നു.
കെഎസ്ടിപി പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ചിരുന്ന മലേഷ്യൻ കമ്പനി പ്രതിനിധി ലീ ബിൻ സീൻ കോലാലംപൂരിൽ ആത്മഹത്യ ചെയ്തതോടെയാണ് ആരോപണങ്ങൾ ശക്തമായത്. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട അഴിമതിയും ഉദ്യോഗസ്ഥരുടെ ഇടപെടലുകളും ചൂണ്ടിക്കാട്ടുന്നതായിരുന്നു ആത്മഹത്യാക്കുറിപ്പെന്നാണ് റിപ്പോർട്ടുകൾ. കുറിപ്പിൽ ഗ്യാനേഷ് കുമാറിന്റെ പേരും പരാമർശിച്ചിരുന്നതായി നേരത്തെ പുറത്തുവന്ന വിവരങ്ങൾ വ്യക്തമാക്കുന്നു. ഇതിന് പിന്നാലെയാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്.
വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിനൊപ്പം ക്രൈംബ്രാഞ്ചും വിഷയത്തിൽ അന്വേഷണം നടത്തിയിരുന്നു. എന്നാൽ തുടർനടപടികളിലേക്ക് കേസ് നീങ്ങിയില്ല. ഇതിനിടെ ഗ്യാനേഷ് കുമാറിന് കേന്ദ്ര ഡെപ്യൂട്ടേഷൻ ലഭിക്കുകയും അദ്ദേഹം കേരളം വിടുകയും ചെയ്തു. പഴയ അന്വേഷണം തൃപ്തികരമായിരുന്നില്ലെന്ന പരാതിയാണ് ഇപ്പോൾ വീണ്ടും ഫയലുകൾ പരിശോധിക്കാൻ കാരണമായതെന്നാണ് വിവരം.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷ പാർട്ടികൾ ദേശീയതലത്തിൽ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് 20 വർഷം പഴക്കമുള്ള കേസ് വീണ്ടും ചർച്ചയാകുന്നത്. അതേസമയം, പഴയ അന്വേഷണ ഫയലുകൾ ആഭ്യന്തര വകുപ്പ് തേടിയതുകൊണ്ടുമാത്രം ഗ്യാനേഷ് കുമാറിനെതിരായ ആരോപണങ്ങൾ തെളിഞ്ഞതായി കാണാനാകില്ല. നിലവിൽ പഴയ രേഖകൾ പരിശോധിക്കുന്ന നടപടിയാണ് നടക്കുന്നത്; തുടർ അന്വേഷണം ഉണ്ടാകുമോയെന്നത് ഫയൽ പരിശോധനയ്ക്ക് ശേഷമായിരിക്കും വ്യക്തമാകുക.




