വാഷിങ്ടൺ: ഇറാനെ ആണവായുധം സ്വന്തമാക്കുന്നതിൽനിന്ന് തടയുന്നതിന്റെ ഭാഗമായി പിക്കാക്സ് മലനിരയിലെ ആണവകേന്ദ്രത്തിന് നേരെ അമേരിക്ക ആക്രമണം നടത്തിയേക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ന്യൂസ്മാക്സിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനെതിരായ ആക്രമണത്തിൽ ആണവായുധം ഉപയോഗിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇറാന് ഒരിക്കലും ആണവായുധം സ്വന്തമാക്കാൻ കഴിയില്ലെന്ന് ഉറപ്പാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്ന് ട്രംപ് പറഞ്ഞു. ഇറാന്റെ കൈവശം ആണവായുധമുണ്ടായിരുന്നെങ്കിൽ അവർ അത് ഉപയോഗിക്കുമായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇറാന്റെ ആണവകേന്ദ്രം ദശലക്ഷക്കണക്കിന് ടൺ പാറകൾക്കും മണ്ണിനും അടിയിലാണെന്നും പിക്കാക്സ് മലനിരയിലെ കേന്ദ്രത്തെക്കുറിച്ചും അമേരിക്ക ആലോചിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ആവശ്യമെങ്കിൽ അവിടം ആക്രമിച്ച് വേഗത്തിൽ തകർക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതേസമയം, ഇറാനെതിരായ യുദ്ധത്തിൽ കരസേനയെ വിന്യസിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. എന്നാൽ, ഇറാന്റെ ആണവകേന്ദ്രങ്ങൾക്കും ഊർജനിലയങ്ങൾക്കും നേരെ ‘മദർ ഓഫ് ഓൾ ബോംബ്സ്’ എന്നറിയപ്പെടുന്ന ജിബിയു-43/ബി മാസീവ് ഓർഡൻസ് എയർ ബ്ലാസ്റ്റ് (MOAB) ബോംബ് ഉപയോഗിക്കുമോയെന്ന കാര്യത്തിൽ അദ്ദേഹം വ്യക്തത വരുത്തിയില്ല.
ഇറാനെതിരായ സൈനിക നടപടി പുനരാരംഭിക്കാൻ പ്രസിഡന്റ് ഉത്തരവിട്ടാൽ നടപ്പാക്കേണ്ട ആക്രമണപദ്ധതികൾ അമേരിക്കൻ സൈന്യം തയ്യാറാക്കിയതായി നേരത്തേ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിൽ അതിശക്തമായ MOAB ബോംബിന്റെ ഉപയോഗവും പരിഗണിക്കുന്നുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ.