നോയിഡ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സ്വത്ത് തർക്കത്തെത്തുടർന്നുള്ള ആത്മഹത്യയാണെന്ന് സംശയം. മഹേഷ് ഭക്ഷണത്തിൽ വിഷം കലർത്തിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനമെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മഹേഷിന്റെ രണ്ട് സഹോദരിമാരെയും ഒരു സഹോദരീ ഭർത്താവിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നഗ്ല ശ്രീ പദം ഗ്രാമത്തിലെ വീട്ടിൽ ശനിയാഴ്ച രാവിലെ എട്ടോടെയാണ് മഹേഷ് (37), ഭാര്യ ലളിത (35), മകൾ മിഷ്ടി (7), മക്കളായ ലഡ്ഡു (11), സാക്ഷാത് (3) എന്നിവരെ ഒരു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം കുടുംബം സമീപത്തെ ഒരു മേളയിൽ പങ്കെടുത്ത ശേഷം രാത്രി പത്തോടെയാണ് വീട്ടിൽ തിരിച്ചെത്തിയത്. തുടർന്ന് അത്താഴത്തിന് നൂഡിൽസ് കഴിച്ചതായാണ് വിവരം. ആദ്യം ഭക്ഷ്യവിഷബാധയാകാം മരണകാരണമെന്നായിരുന്നു സംശയം. എന്നാൽ മഹേഷ് നൂഡിൽസിൽ വിഷം കലർത്തിയതാകാമെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന വിവരം.
മഹേഷിന്റെ മൊബൈൽ ഫോണിൽനിന്ന് സംഭവവുമായി ബന്ധപ്പെട്ട ഒരു ഓഡിയോ സന്ദേശവും കണ്ടെത്തിയിട്ടുണ്ട്. കുടുംബാംഗങ്ങളുടെ മരണത്തിന് തന്റെ രണ്ട് സഹോദരിമാരും ഒരു സഹോദരീ ഭർത്താവുമാണ് ഉത്തരവാദികളെന്ന് മഹേഷ് ഈ സന്ദേശത്തിൽ ആരോപിക്കുന്നതായാണ് പോലീസ് വൃത്തങ്ങൾ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
കുടുംബത്തിൽ ഏറെക്കാലമായി നിലനിന്നിരുന്ന സ്വത്ത് ഭാഗ തർക്കമാണ് സംഘർഷങ്ങൾക്ക് കാരണമായതെന്ന് മഹേഷിന്റെ സഹോദരഭാര്യ നീരജ് പറഞ്ഞു. ഭർത്താവ് മരിച്ചതിനു പിന്നാലെ തന്നെ വീട്ടിൽനിന്ന് പുറത്താക്കിയെന്നും അവർ ആരോപിച്ചു. കുടുംബാംഗങ്ങൾ പിന്നീട് വീണ്ടും ഒരുമിച്ച് ജീവിക്കുമെന്ന് മഹേഷ് ഉറപ്പുനൽകിയിരുന്നതായും നീരജ് പറഞ്ഞു.
അതേസമയം, സംഭവസ്ഥലം പരിശോധിച്ച ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും സാധാരണ ഭക്ഷ്യവിഷബാധയേക്കാൾ വിഷപദാർഥം ഉള്ളിൽ ചെന്നതുമൂലമുള്ള മരണമാകാനാണ് സാധ്യതയെന്ന് വിലയിരുത്തി. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥനായ ഒ.പി. സിങ് പറയുന്നതനുസരിച്ച്, സ്ഥലത്തുനിന്ന് ലഭിച്ച ഭക്ഷണപ്പൊതികളും മറ്റ് വസ്തുക്കളും സംഘം പരിശോധിച്ചു. എന്നാൽ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളൊന്നും കണ്ടെത്താനായില്ല.
“ഇത് ഭക്ഷ്യവിഷബാധയുടെ കേസാണെന്ന് തോന്നുന്നില്ല. വിഷാംശമുള്ള ഒരു പദാർഥം ഉൾപ്പെട്ട സംഭവമാണെന്നാണ് ഞങ്ങൾ സംശയിക്കുന്നത്,” അദ്ദേഹം വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. മരിച്ചവർക്ക് ഛർദിയോ വയറിളക്കമോ ഉണ്ടായിരുന്നതായി വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രദേശവാസികളിൽനിന്ന് ലഭിച്ച വിവരമനുസരിച്ച്, കുട്ടികളിൽ ഒരാളുടെ വായിൽനിന്ന് പത പുറത്തുവന്നിരുന്നതായി ഒ.പി. സിങ് പറഞ്ഞു.