വാഷിങ്ടൺ: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ച് പൊതുവേദികളിൽ അധികം സംസാരിക്കാറില്ലാത്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഒഹായോയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ പരാമർശം. എപ്സ്റ്റീനെ വർഷങ്ങൾക്കുമുമ്പ് ഒരു ക്ലബ്ബിൽനിന്ന് പുറത്താക്കിയെന്നും അത് താൻ ചെയ്ത വലിയൊരു കാര്യമാണെന്നും ട്രംപ് റാലിക്കിടെ അവകാശപ്പെട്ടു. അടുത്തയാഴ്ച നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന്റെ ഭാഗമായി റിപ്പബ്ലിക്കൻ സെനറ്റർ ജോൺ ഹസ്റ്റഡിന് പിന്തുണ പ്രഖ്യാപിച്ച് ചിലിക്കോത്തിൽ സംഘടിപ്പിച്ച റാലിക്കിടെയാണ് സംഭവം.
പ്രസംഗത്തിനിടെ ഒരു പ്രതിഷേധക്കാരൻ ജെഫ്രി എപ്സ്റ്റീന്റെ പേര് വിളിച്ച് പ്രതിഷേധിച്ചതോടെയാണ് ട്രംപ് വിഷയത്തിൽ പ്രതികരിച്ചത്. എപ്സ്റ്റീൻ തന്റെ മുൻ സുഹൃത്തായിരുന്നുവെങ്കിലും അദ്ദേഹത്തെക്കുറിച്ച് പൊതുവേദികളിൽ അപൂർവമായേ ട്രംപ് സംസാരിക്കാറുള്ളൂ. “ഏകദേശം 20 വർഷം മുമ്പ് ഞാൻ എപ്സ്റ്റീനെ ഒരു ക്ലബ്ബിൽനിന്ന് പുറത്താക്കി. അയാൾ വിചിത്രസ്വഭാവമുള്ള ഒരാളാണെന്ന് എനിക്ക് തോന്നിയതുകൊണ്ടായിരുന്നു അത്, ഞാൻ ചെയ്തതൊരു വലിയ കാര്യമായിരുന്നു. അത് നിങ്ങളോട് പറയേണ്ടതുണ്ട്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എപ്സ്റ്റീനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽനിന്ന് താൻ അകന്നുനിന്നുവെന്ന് സൂചിപ്പിക്കുന്ന രീതിയിലായിരുന്നു ട്രംപിന്റെ പ്രതികരണം. എന്നാൽ എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട് ട്രംപിനെതിരെ ഔദ്യോഗികമായി തെറ്റായ പ്രവൃത്തികളൊന്നും ആരോപിക്കപ്പെട്ടിട്ടില്ലെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. അതേസമയം, എപ്സ്റ്റീന് ഡെമോക്രാറ്റിക് പാർട്ടിയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും ട്രംപ് ആരോപിച്ചു. തന്റെ വിവിധ തിരഞ്ഞെടുപ്പ് റാലികളിൽ പതിവായി പ്രതിഷേധിച്ച് പ്രസംഗം തടസ്സപ്പെടുത്തുന്നവരെ അദ്ദേഹം രോഗാതുരരും ദുർബലരുമായ ആളുകൾ എന്നും വിശേഷിപ്പിച്ചു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉൾപ്പെടുത്തി ലൈംഗിക കടത്ത് നടത്തിയെന്ന കേസിൽ വിചാരണ കാത്തിരിക്കെ, 2019-ൽ ഫെഡറൽ കസ്റ്റഡിയിലിരിക്കെയാണ് എപ്സ്റ്റീൻ മരിച്ചത്. അദ്ദേഹത്തിന്റെ മരണം ആത്മഹത്യയാണെന്നാണ് ഔദ്യോഗികമായി നിഗമനം ചെയ്തത്.
ഇതിതിനിടെ, റാലിയിൽ സെനറ്റർ ജോൺ ഹസ്റ്റഡിന്റെ ശരീരഘടനയെക്കുറിച്ച് വീണ്ടും ട്രംപ് നടത്തിയ പരാമർശങ്ങളും ശ്രദ്ധേയമായി. ഹസ്റ്റഡ് കോളേജ് കാലത്ത് മികച്ച ഫുട്ബോൾ താരമായിരുന്നുവെന്ന് മനസ്സിലാക്കിയതോടെ അദ്ദേഹത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് മാറിയെന്നും ട്രംപ് പറഞ്ഞു.
“ഞാൻ ആദ്യം അദ്ദേഹത്തിന്റെ നിതംബമാണ് ശ്രദ്ധിച്ചത്, അത് അതിശക്തമായിരുന്നു, അദ്ദേഹത്തിന്റെ തോളുകൾക്ക് ഉരുക്ക് കഷ്ണം പോലെയുള്ള കരുത്തുണ്ട് എന്നായിരുന്നു പരാമർശം. അതേസമയം ഹസ്റ്റഡിന്റെ ശരീരത്തെക്കുറിച്ച് ട്രംപ് പരസ്യമായി പരാമർശിക്കുന്നത് ഇതാദ്യമല്ല. ഈ മാസം ആദ്യം യങ്സ്ടൗണിൽ നടന്ന റാലിയിലും സമാനമായ രീതിയിൽ അദ്ദേഹം സംസാരിച്ചിരുന്നു.
ഹസ്റ്റഡ് മികച്ച കായികതാരമായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നും അദ്ദേഹത്തിന്റെ ശരീരഘടന ശ്രദ്ധിച്ചപ്പോഴാണ് ഇക്കാര്യം മനസ്സിലായതെന്നും ട്രംപ് അന്ന് പറഞ്ഞിരുന്നു. “ഞാൻ അദ്ദേഹത്തിന്റെ ശരീരം പരിശോധിക്കാൻ തുടങ്ങി. മുകളിലേക്കും താഴേക്കും നോക്കി. ശരീരത്തിന്റെ പിൻഭാഗവും കൈകളും ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ കൈകൾ നോക്കൂ, നഖംപോലെ തോന്നിക്കുന്ന കൈകളാണ്,” എന്നായിരുന്നു അന്നത്തെ പരാമർശം. എപ്സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ട്രംപിന്റെ പ്രതികരണവും സെനറ്റർ ഹസ്റ്റഡിന്റെ ശരീരത്തെക്കുറിച്ചുള്ള പരാമർശങ്ങളും ഒരേ റാലിയിൽ വാർത്താപ്രാധാന്യം നേടിയിട്ടുണ്ട്.
മകൻ സസ്പെൻഷനിലായ വാർത്തയറിഞ്ഞു; ചേരാനല്ലൂർ അപകടക്കേസിലെ എസ്ഐയുടെ അമ്മ കുഴഞ്ഞുവീണ് മരിച്ചു