മുംബൈ: വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ ചിത്രങ്ങൾ പുറത്ത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്കൊപ്പമുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്. താരത്തിന്റെ വലതുകൈയിൽ ബാൻഡേജ് ചുറ്റിയ നിലയിലാണ്. വലതു തോളിലും നെഞ്ചിലും ഇടതു കൈത്തണ്ടയിലും ഡ്രസ്സിങ് ചെയ്തിട്ടുമുണ്ട്. ഞായറാഴ്ച അർധരാത്രിയോടെ ടൈഗർ ഷ്റോഫിന്റെ വസതിയിലെത്തിയ ഏക്നാഥ് ഷിൻഡെ താരത്തെ സന്ദർശിച്ച് വിവരങ്ങൾ അന്വേഷിച്ചു. മുംബൈയിൽ ഗുണ്ടായിസമോ ഭീഷണികളോ വെച്ചുപൊറുപ്പിക്കില്ലെന്നും സംസ്ഥാന സർക്കാർ കുടുംബത്തിന് പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിനുശേഷം ടൈഗർ ഷ്റോഫും അമ്മ ആയിഷ ഷ്റോഫും വലിയ ഞെട്ടലിലാണെന്ന് ഷിൻഡെ മാധ്യമങ്ങളോട് പറഞ്ഞു. അഞ്ച് റൗണ്ട് വെടിവയ്പ്പാണ് ഉണ്ടായതെന്നും ഭാഗ്യവശാൽ താരം സുരക്ഷിതനാണെന്നും അദ്ദേഹം വ്യക്തമാക്കി. ടൈഗറിന്റെ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. വെടിയുണ്ടകളുടെയും ചില്ലുകഷ്ണങ്ങളുടെയും ആഘാതത്തിൽ താരത്തിന്റെ ഇടതുകൈയ്ക്കും പരിക്കേറ്റതായി ഷിൻഡെ പറഞ്ഞു. സംഭവത്തെ അപലപിച്ച അദ്ദേഹം, താരത്തെയും അമ്മയെയും നേരിൽ കണ്ടതായും അറിയിച്ചു.
1990കളിൽ മുംബൈയിൽ ഗുണ്ടാ ആക്രമണങ്ങൾ പതിവായിരുന്നുവെന്നും പിന്നീട് മുംബൈ പൊലീസ് ഇത്തരം സംഭവങ്ങൾ നിയന്ത്രണവിധേയമാക്കിയെന്നും ഷിൻഡെ പറഞ്ഞു. സമാനമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കുമെന്നും ജനങ്ങളെ ഭയപ്പെടുത്താനുള്ള ശ്രമങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.