തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാർച്ചിനിടെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വധഭീഷണി മുഴക്കിയെന്ന പരാതിയിൽ സിപിഎം നേതാക്കൾക്കെതിരെ കേസ്. സിപിഎം ജില്ലാ സെക്രട്ടറിയും എംഎൽഎയുമായ വി. ജോയിക്കും മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനുമെതിരെയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രഞ്ജിത് രവീന്ദ്രന്റെ പരാതിയിൽ കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്.
കഴിഞ്ഞദിവസം സിപിഎം നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനിടെയാണ് സംഭവം. മാർച്ചിനിടെ കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ ജയചന്ദ്രനുമായി സംസാരിക്കുന്നതിനിടെയാണ് കന്റോൺമെന്റ് എസ്എച്ച്ഒ സതീശ്കുമാറിനും എസ്ഐ ഗോകുലിനുമെതിരെ ഇരുവരും പരാമർശം നടത്തിയത്.
‘അയാളെക്കൊണ്ട് പൊറുതിമുട്ടിയാൽ ഇവിടെ ഒരു കൊലപാതകം നടക്കും’ എന്നായിരുന്നു വി. ജോയിയുടെ പരാമർശമെന്നാണ് ആരോപണം. എസ്ഐ ഗോകുലും എസ്എച്ച്ഒ സതീശ്കുമാറും തിരികെ വീട്ടിലെത്തി കുട്ടികളെ താലോലിക്കില്ലെന്നായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ പരാമർശമെന്നും പരാതിയിൽ പറയുന്നു.
അതേസമയം, സംഭവത്തിൽ വിശദീകരണവുമായി വി. ജോയി രംഗത്തെത്തി. താൻ എസ്എച്ച്ഒയോടല്ല, എസിപിയോടാണ് കാര്യങ്ങൾ പറഞ്ഞതെന്ന് ജോയി വ്യക്തമാക്കി. ആരെയും കൊല്ലുമെന്നല്ല താൻ പറഞ്ഞതെന്നും പൊലീസ് ഇത്തരം നടപടികൾ തുടർന്നാൽ വിദ്യാർഥികളിൽ ഒരാൾ മരണപ്പെടുമെന്നും അത്തരത്തിൽ ഒരു കൊലപാതകം ഇവിടെ നടക്കുമെന്നുമാണ് ഉദ്ദേശിച്ചതെന്നും വി. ജോയി വിശദീകരിച്ചു.




