പാലക്കാട്: കേരളത്തിലെ യുഡിഎഫ് സംവിധാനം മുഴുവൻ അലങ്കോലപ്പെട്ടിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. യുഡിഎഫിലെ കാര്യങ്ങൾ ഒന്നും അറിയുന്നില്ലെന്ന് മുന്നണി കൺവീനർ തന്നെ പറയുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെയും കോൺഗ്രസ് നേതൃത്വത്തെയും കടന്നാക്രമിച്ചാണ് എം.വി. ഗോവിന്ദന്റെ പ്രതികരണം.
അപൂർവം ആളുകൾ മാത്രമാണ് വി.ഡി. സതീശനെ അനുകൂലിക്കുന്നതെന്നും കോൺഗ്രസിലും യുഡിഎഫിലും വലിയ വിഭജനമുണ്ടായിരിക്കുകയാണെന്നും ഗോവിന്ദൻ ആരോപിച്ചു. സതീശൻ സർക്കാരിന് ബിജെപിയുടെയും ആർഎസ്എസിന്റെയും പിന്തുണയുണ്ടെന്ന തരത്തിലുള്ള ആരോപണവും അദ്ദേഹം ഉന്നയിച്ചു.
യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ സമീപകാല വിമർശനങ്ങളും ഗോവിന്ദൻ ചൂണ്ടിക്കാട്ടി. മുന്നണിയിലെ നിർണായക തീരുമാനങ്ങൾ തന്നെ അറിയുന്നില്ലെന്നും പല കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും അടൂർ പ്രകാശ് പരസ്യമായി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയാണ് യുഡിഎഫ് ചെയർമാനെന്നിരിക്കെ മുന്നണി യോഗങ്ങൾ ചേരുന്നതിൽ പോലും വീഴ്ചയുണ്ടെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
അടൂർ പ്രകാശിനെ പിന്തുണയ്ക്കുന്നവരാണ് കോൺഗ്രസിൽ കൂടുതലെന്നും മുഖ്യമന്ത്രിക്ക് അനുകൂലമായി അധികം ആരും പറയുന്നില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. കൂടിയാലോചനകളില്ലാതെ എങ്ങനെയാണ് യുഡിഎഫിന്റെ കാര്യങ്ങൾ മുന്നോട്ടുപോകുകയെന്നും അദ്ദേഹം ചോദിച്ചു. വി.ഡി. സതീശൻ സർക്കാർ ആർഎസ്എസ് സ്പോൺസേഡ് സർക്കാരാണെന്ന ആരോപണവും ഗോവിന്ദൻ ആവർത്തിച്ചു. ബിജെപിയുടെയും ആർഎസ്എസിന്റെയും നിർദേശങ്ങൾക്കനുസരിച്ചാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നാണ് ഗോവിന്ദന്റെ ആരോപണം.
ആർഎസ്എസിന്റെ കടന്നാക്രമണത്തിന് മുന്നിൽ മുസ്‍ലിം ലീഗ് കീഴടങ്ങിയെന്നും ഗോവിന്ദൻ ആരോപിച്ചു. കെ.എം. ഷാജിയെ വാഹനത്തിൽനിന്ന് ഇറക്കിയ സംഭവവും അദ്ദേഹം പരാമർശിച്ചു. പിന്നീട് പരാതിയില്ലെന്ന് പറയുന്ന സാഹചര്യമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഒരു മന്ത്രി താൻ യാത്ര ചെയ്തത് അസമയത്തായിരുന്നുവെന്നാണ് വിശദീകരിക്കുന്നതെന്നും ഗോവിന്ദൻ പരിഹസിച്ചു.
അതേസമയം, തിരുവനന്തപുരത്തെ കൗൺസിലർക്കെതിരായ കൈക്കൂലി ആരോപണത്തിൽ അന്വേഷണം നടത്തി ആവശ്യമായ നടപടിയെടുക്കുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.




