കൊച്ചി: മോഷണശ്രമം തടയുന്നതിനിടെ യുവാവിന്റെ വിരൽ മോഷ്ടാവ് കടിച്ചുമുറിച്ചു. പാതാളം സ്വദേശി സലീമിന്റെ വലതുകൈയിലെ തള്ളവിരലാണ് അറ്റുപോയത്. മകന്റെ ഭാര്യയുടെ സ്വർണമാല മോഷ്ടിക്കാനുള്ള ശ്രമം തടയുന്നതിനിടെയാണ് സംഭവം.
വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. വെള്ളം ശേഖരിക്കാനായി പൊതുപൈപ്പിന് സമീപത്തെത്തിയപ്പോഴാണ് സലീമിന്റെ മകന്റെ ഭാര്യയുടെ മാല പൊട്ടിച്ചെടുക്കാൻ ശ്രമമുണ്ടായത്. മാലപൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെ യുവതി ബഹളംവെച്ചു.
ശബ്ദം കേട്ട് സലീം ഓടിയെത്തി മോഷണശ്രമം തടയാൻ ശ്രമിച്ചു. ഇതിനിടെ മോഷ്ടാവ് സലീമിന്റെ വലതുകൈയിലെ തള്ളവിരലിൽ കടിക്കുകയായിരുന്നു. ശക്തമായി കടിച്ചതോടെ വിരൽ അറ്റുപോയി.
സംഭവത്തിന് പിന്നാലെ അറ്റുപോയ വിരലുമായാണ് സലീമിനെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയിലൂടെ വിരൽ തുന്നിച്ചേർക്കാനുള്ള ശ്രമം നടക്കുകയാണ്.
മോഷണശ്രമത്തിന് പിന്നിൽ ഇതരസംസ്ഥാന തൊഴിലാളിയാണെന്നാണ് പോലീസിന്റെ പ്രാഥമിക സംശയം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






