മധുര: തമിഴ്നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം സമ്മാനിക്കുന്ന ‘തായ് മാമൻ തങ്കമോതിരം’ പദ്ധതിക്ക് തുടക്കമായി. മധുര രാജാജി സർക്കാർ ആശുപത്രിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് പദ്ധതി ഉദ്ഘാടനം ചെയ്തു. സർക്കാർ ആശുപത്രികളിലെ പ്രസവങ്ങൾ പ്രോത്സാഹിപ്പിക്കുകയും പൊതുജനാരോഗ്യ സംവിധാനത്തിലുള്ള വിശ്വാസം ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി സർക്കാർ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലുമായി ജനിക്കുന്ന അർഹരായ കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം തൂക്കമുള്ള 22 കാരറ്റ് സ്വർണമോതിരമാണ് നൽകുന്നത്. ജൂൺ 22, 2026 മുതൽ സർക്കാർ ആശുപത്രികളിൽ ജനിച്ച കുഞ്ഞുങ്ങൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
ആദ്യഘട്ടത്തിൽ 1.28 ലക്ഷം സ്വർണമോതിരങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. ഓരോ മോതിരത്തിനും പ്രത്യേക സീരിയൽ നമ്പറുണ്ടാകും. സുരക്ഷ ഉറപ്പാക്കുന്നതിനായി ടാംപർ പ്രൂഫ് പാക്കേജിങ്ങിലാണ് മോതിരങ്ങൾ വിതരണം ചെയ്യുന്നത്. സംസ്ഥാനത്തുടനീളം 107 വിതരണ കേന്ദ്രങ്ങളിലൂടെയാണ് ജൂൺ 22 മുതൽ ജനിച്ച കുഞ്ഞുങ്ങൾക്ക് മോതിരം നൽകുന്നത്. ദിവസവും 100 കുഞ്ഞുങ്ങൾക്കാണ് വിതരണത്തിനുള്ള ക്രമീകരണം.
പദ്ധതി ആരംഭിച്ചതിന് ശേഷം സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ആശുപത്രിയിൽനിന്നുതന്നെ മോതിരം നൽകും. തമിഴ്നാട്ടിലെ സ്ഥിരതാമസക്കാരായ അമ്മമാർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഗർഭിണികളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യപരിചരണം ശക്തിപ്പെടുത്തുന്നതിനൊപ്പം സർക്കാർ ആശുപത്രികളിലെ പ്രസവങ്ങൾ വർധിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.
തമിഴ് സംസ്കാരത്തിലെ ‘തായ് മാമൻ സീർ’ എന്ന പാരമ്പര്യത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പദ്ധതിക്ക് ‘തായ് മാമൻ തങ്കമോതിരം’ എന്ന പേര് നൽകിയിരിക്കുന്നത്.
മധുരയിലെ ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി മുഖ്യമന്ത്രി നഗരത്തിൽ റോഡ് ഷോ നടത്തി. രാജാജി സർക്കാർ ആശുപത്രിയിലെത്തിയ അദ്ദേഹം ചടങ്ങിൽ കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം വിതരണം ചെയ്തു. തുടർന്ന് ഗാന്ധി മ്യൂസിയവും മധുര മീനാക്ഷി അമ്മൻ ക്ഷേത്രവും സന്ദർശിക്കുന്നതാണ് മുഖ്യമന്ത്രിയുടെ പരിപാടി.





