ചെന്നൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന ആരോപണം നേരിടുന്ന ഗ്രാനൈറ്റ് വ്യവസായി ആർ. വീരമണി ഉൾപ്പെട്ട കേസിൽ ഡിഎംകെ അധ്യക്ഷനും മുൻ തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനെതിരെ രൂക്ഷ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്. കേസിൽ ഡിഎംകെയും എഐഎഡിഎംകെയും തമ്മിൽ ഒത്തുകളിച്ചിട്ടുണ്ടോയെന്ന് സ്റ്റാലിൻ വ്യക്തമാക്കണമെന്ന് വിജയ് ആവശ്യപ്പെട്ടു.
ജെം ഗ്രാനൈറ്റ്സ് ചെയർമാനായ ആർ. വീരമണിയെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന ആരോപണവുമായി ബന്ധപ്പെട്ട് ഓഗസ്റ്റിലാണ് അറസ്റ്റ് ചെയ്തത്. കേസിൽ കൂട്ടാളി ശാന്തിയെയും അവരുടെ ഭർത്താവ് മഹേന്ദ്ര സിമ്ഹനെയും അറസ്റ്റ് ചെയ്തിരുന്നു. വീരമണിയുടെ ആരോപണവിധേയമായ കുറ്റകൃത്യങ്ങൾക്ക് ഇരുവരും സഹായം നൽകിയെന്നാണ് പോലീസ് പറയുന്നത്.
2025 ഒക്ടോബറിലാണ് കേസ് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. അന്ന് ഡിഎംകെ സർക്കാരായിരുന്നു തമിഴ്നാട്ടിൽ അധികാരത്തിലുണ്ടായിരുന്നത്. ഒരു സാമൂഹ്യ പ്രവർത്തകൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളെന്ന് കരുതുന്ന വീഡിയോ അടങ്ങിയ പെൻഡ്രൈവുമായി ആന്റി വൈസ് സ്ക്വാഡിനെ സമീപിച്ചതോടെയാണ് കേസ് ശ്രദ്ധയിൽപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്.
എന്നാൽ ഡിഎംകെ ഭരണകാലത്ത് പരാതി ലഭിച്ചിട്ടും സംഭവവും അതിന് പിന്നിലെ ചരിത്രവും മറച്ചുവെച്ചുവെന്നാണ് വിജയിന്റെ ആരോപണം. ഒക്ടോബർ 6ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഐഎഡിഎംകെ എംഎൽഎ കെ. മരഗതം കുമാരവേലിന്റെ രാജിയെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. പിന്നീട് അവർ വിജയ് നേതൃത്വം നൽകുന്ന ടിവികെയിൽ ചേർന്നു. ഉപതിരഞ്ഞെടുപ്പിൽ ടിവികെ വീണ്ടും മരഗതം കുമാരവേലിനെ സ്ഥാനാർഥിയാക്കിയിട്ടുണ്ട്.
“എന്തായിരുന്നു ആ ഇടപാട് എന്നാണ് തമിഴ്നാട് ചോദിക്കുന്നത്. സ്റ്റാലിൻ സാർ, വായ തുറക്കൂ. നിങ്ങളുമായി കൈകോർത്തിരിക്കുന്ന എഐഎഡിഎംകെയും മിണ്ടുന്നില്ല. ഈ വിഷയത്തിലും ഒത്തുകളിയുണ്ടോ? ഈ കാര്യത്തിലും ധാരണയുണ്ടാക്കി നിങ്ങൾ മിണ്ടാതിരിക്കുമോ?” എന്നായിരുന്നു വിജയിന്റെ ചോദ്യം.
തന്റെ അമ്മയെക്കുറിച്ച് മോശമായി സംസാരിച്ചപ്പോഴും താൻ സഹിച്ചുവെന്ന് വിജയ് പറഞ്ഞു. എന്നാൽ തമിഴ്നാട്ടിലെ “സഹോദരിമാരെയും അമ്മമാരെയും” കുറിച്ച് അശ്ലീലമായി സംസാരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡിഎംകെയും ഡിഎംകെ കുടുംബവും ഇത്തരം രീതിയിൽ സംസാരിക്കുന്നുവെന്നും സ്റ്റാലിനും കുടുംബവും ഇത്തരം പരാമർശങ്ങൾ ആസ്വദിക്കുന്നുവെന്നും വിജയ് ആരോപിച്ചു. ഇത് സഹിക്കാനാകില്ല എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പോലീസ് വൃത്തങ്ങളുടെ വിശദീകരണമനുസരിച്ച് വീരമണിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും ഡിഎംകെ സർക്കാർ അധികാരത്തിലിരുന്ന സമയത്ത് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നില്ല. ശക്തമായ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കേസ് അവസാനിപ്പിക്കാനുള്ള റിപ്പോർട്ട് സമർപ്പിച്ചതായും പോലീസ് പറയുന്നു.
എന്നാൽ ടിവികെ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ കേസിൽ വഴിത്തിരിവുണ്ടായി. പ്രത്യേക പോക്സോ കോടതി പോലീസ് സമർപ്പിച്ച ക്ലോഷർ റിപ്പോർട്ട് അംഗീകരിക്കാൻ വിസമ്മതിക്കുകയും കേസിൽ കൂടുതൽ അന്വേഷണം നടത്താൻ ഉത്തരവിടുകയും ചെയ്തു. തുടർന്ന് വീരമണിയെ അറസ്റ്റ് ചെയ്തു. വീഡിയോയിലെ അതിജീവിതയെയും പോലീസ് പിന്നീട് കണ്ടെത്തി. മജിസ്ട്രേറ്റിന് മുമ്പാകെ അവരുടെ മൊഴി രേഖപ്പെടുത്തിയതായും പോലീസ് അറിയിച്ചു.
തുടർന്ന് അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചു. സംഭവങ്ങൾ നടന്ന സമയത്ത് പ്രായപൂർത്തിയാകാത്തവരായിരുന്നുവെന്ന് കരുതുന്ന മറ്റ് നിരവധി സ്ത്രീകളെയും കണ്ടെത്തിയതായും അവരുടെ മൊഴികൾ രേഖപ്പെടുത്തിയതായും പോലീസ് കോടതിയെ അറിയിച്ചു. വീരമണിയുടെ ആരോപണവിധേയമായ കുറ്റകൃത്യങ്ങൾക്ക് ശാന്തിയും മഹേന്ദ്ര സിമ്ഹനും സഹായം നൽകിയെന്നാണ് അന്വേഷണ സംഘത്തിന്റെ ആരോപണം. കേസിൽ അന്വേഷണം തുടരുകയാണ്.





