ഷിംല: നെഹ്റു കുടുംബത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്റുകൾ പങ്കുവെച്ച സംഭവത്തിൽ ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിനെതിരെ ഷിംല പൊലീസ് കേസെടുത്തു. മാനനഷ്ടം, വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് വെള്ളിയാഴ്ച എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഹിമാചൽ പ്രദേശിലെ മണ്ഡിയിൽനിന്നുള്ള ലോക്സഭാംഗമാണ് കങ്കണ.
കങ്കണയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടായ @KanganaTeam-ൽ നവംബർ 10ന് പങ്കുവെച്ച പോസ്റ്റുകൾക്കെതിരെയാണ് പരാതി. ഗാന്ധി കുടുംബത്തിന്റെ പഴയകാല വീഡിയോ ദൃശ്യങ്ങൾക്കൊപ്പമായിരുന്നു പോസ്റ്റുകൾ. സംഭവത്തിൽ ഷിംല സ്വദേശിയായ ക്യാപ്റ്റൻ അതുൽ ശർമ നവംബർ 12ന് ഹിമാചൽ പ്രദേശ് ഡിജിപിക്ക് പരാതി നൽകിയിരുന്നു.
മുൻ പ്രധാനമന്ത്രിമാരായ ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, കോൺഗ്രസ് നേതാവ് സഞ്ജയ് ഗാന്ധി എന്നിവരുടെ മരണത്തെക്കുറിച്ചുള്ള ദുസ്സൂചനകൾ പോസ്റ്റുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പരാതിയിലെ ആരോപണം. സോണിയ ഗാന്ധിയെ ‘ദുരൂഹയായ വിദേശ പൗര’ എന്ന് വിശേഷിപ്പിച്ചതായും പരാതിയിൽ പറയുന്നു. ഗാന്ധി കുടുംബത്തിലെ മൂന്ന് പേരുടെ മരണങ്ങളെ സോണിയ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനവുമായി താരതമ്യം ചെയ്യുന്നതാണ് പോസ്റ്റുകളെന്നും പരാതിക്കാരൻ ആരോപിച്ചു.
സഞ്ജയ് ഗാന്ധിയുടെ മരണത്തിനുശേഷം ഭാര്യ മനേക ഗാന്ധിയെ കുടുംബവീട്ടിൽനിന്ന് പുറത്താക്കിയ സംഭവത്തെക്കുറിച്ചും പോസ്റ്റിൽ പരാമർശമുണ്ടെന്നാണ് പരാതി.
ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) 353 (പൊതുവിപത്തിന് കാരണമാകുന്ന പ്രസ്താവനകൾ), 356 (മാനനഷ്ടം), 196 (വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും വളർത്തൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. എഫ്ഐആർ രജിസ്റ്റർ ചെയ്ത വിവരം ഷിംല എസ്പി ഗൗരവ് സിങ് സ്ഥിരീകരിച്ചു. സംഭവത്തിൽ സൈബർ ഫോറൻസിക് പരിശോധന ഉൾപ്പെടെയുള്ള അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.