ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിദേശയാത്ര നടത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് പരിഹാസരൂപേണയുള്ള മറുപടിയുമായി കോൺഗ്രസ് എം.പി. ശശി തരൂർ. രാഹുൽ ഗാന്ധിയുടെ വിദേശയാത്രയെക്കുറിച്ച് തന്നോട് ചോദിക്കേണ്ടതില്ലെന്നും താൻ ട്രാവൽ ഏജന്റല്ലെന്നും തരൂർ പറഞ്ഞു. കേരളത്തിലെത്തിയ തരൂരിനോട് മാധ്യമപ്രവർത്തകർ രാഹുൽ ഗാന്ധിയുടെ വിദേശയാത്രയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പ്രതികരണം.
‘ഞാൻ ഒരു ട്രാവൽ ഏജന്റല്ല. ഈ ചോദ്യം എന്നോട് ചോദിച്ചതുകൊണ്ട് കാര്യമില്ല. ഞാൻ ഇപ്പോൾ എന്തിനാണ് ഡൽഹിവിട്ട് ഇവിടെവന്നത്? ഓരോ വ്യക്തിക്കും ചില ഉത്തരവാദിത്വങ്ങളുണ്ട്. അതിനാൽ ഇക്കാര്യത്തിൽ പ്രതികരിക്കാനാകില്ല,’ തരൂർ പറഞ്ഞു. ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് രാഹുൽ നാലുദിവസത്തെ വിയറ്റ്നാം സന്ദർശനത്തിന് പോയത്.
ഇതിനെതിരേ ബി.ജെ.പി. രൂക്ഷവിമർശനവുമായി രംഗത്തെത്തി. രാഹുൽ വിമാനത്തിൽ യാത്രചെയ്യുന്നതായി അവകാശപ്പെടുന്ന വിഡിയോയും ബി.ജെ.പി. എക്സിൽ പങ്കുവച്ചു.