കൊല്ലം: എസ്എഫ്ഐ പ്രതിഷേധത്തിനിടെ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഫ്ലെക്സ് ബോർഡ് കീറിയ സംഭവത്തിൽ പുതിയ വഴിത്തിരിവ്. താൻ മുൻ എസ്എഫ്ഐ പ്രവർത്തകനും ഇപ്പോൾ ഡിവൈഎഫ്ഐ പ്രവർത്തകനുമാണെന്ന് വെളിപ്പെടുത്തി അക്ബർ ഷാ രംഗത്തെത്തി. പ്രതിഷേധത്തിനിടെ അപ്രതീക്ഷിതമായി ഓടിക്കയറിയ അക്ബർ ഷായെ അറിയില്ലെന്നും സംഘടനയുടെ ഭാഗമല്ലെന്നുമുള്ള എസ്എഫ്ഐയുടെ വിശദീകരണത്തിന് പിന്നാലെയാണ് വീഡിയോ സന്ദേശവുമായി അക്ബർ ഷാ രംഗത്തെത്തിയത്.
താൻ കിളികൊല്ലൂർ മേഖലയിലെ എസ്എഫ്ഐ മുൻ ജോയിന്റ് സെക്രട്ടറിയായിരുന്നെന്നും ഇപ്പോൾ ഡിവൈഎഫ്ഐ പ്രവർത്തകനാണെന്നും അക്ബർ ഷാ വീഡിയോയിൽ പറയുന്നു. നേരത്തെയും നിരവധി സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിന്റെ ഫ്ലെക്സ് ബോർഡാണെന്ന് തെറ്റിദ്ധരിച്ചാണ് കോടിയേരിയുടെ ചിത്രം പതിച്ച ബോർഡ് കീറിയതെന്നും സംഭവത്തിൽ തെറ്റുപറ്റിയതിൽ ക്ഷമ ചോദിക്കുന്നതായും അക്ബർ ഷാ പറഞ്ഞു.
അതേസമയം, ഫ്ലെക്സ് ബോർഡ് നശിപ്പിച്ച സംഭവത്തിൽ അക്ബർ ഷായ്ക്കെതിരെ എസ്എഫ്ഐ കൊല്ലം ഈസ്റ്റ് പൊലീസിൽ പരാതി നൽകി. പാർട്ടി സമര പരിപാടിക്കിടെ ഫ്ലെക്സ് നശിപ്പിച്ചയാൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
30ന് തിരുവനന്തപുരത്ത് നടന്ന സംഘർഷങ്ങളിൽ പ്രതിഷേധിച്ച് എസ്എഫ്ഐ കൊല്ലം ഏരിയ കമ്മിറ്റി ഒന്നിന് നടത്തിയ പ്രതിഷേധ മാർച്ച് ചിന്നക്കട ഹെഡ്പോസ്റ്റ് ഓഫിസിന് സമീപത്തെത്തിയപ്പോഴായിരുന്നു സംഭവം. മാർച്ചിൽ പങ്കെടുത്ത അക്ബർ ഷാ കോടിയേരി അനുസ്മരണത്തിനായി സ്ഥാപിച്ചിരുന്ന ഫ്ലെക്സ് ബോർഡ് വലിച്ചുകീറുകയായിരുന്നു. കോടിയേരിയുടെ ചിത്രം പതിച്ച ബോർഡ് എസ്എഫ്ഐ പ്രവർത്തകൻ നശിപ്പിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ എസ്എഫ്ഐ പ്രതിരോധത്തിലായി.
തുടർന്നാണ് അക്ബർ ഷായെ തള്ളി എസ്എഫ്ഐ വിശദീകരണക്കുറിപ്പ് പുറത്തിറക്കിയത്. എന്നാൽ താൻ സംഘടനയുമായി ബന്ധമുള്ളയാളാണെന്ന് അക്ബർ ഷാ തന്നെ വ്യക്തമാക്കിയതോടെ എസ്എഫ്ഐയുടെ വിശദീകരണം വീണ്ടും ചർച്ചയായി. ഇതിന് പിന്നാലെയാണ് അക്ബർ ഷായ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്എഫ്ഐ പൊലീസിൽ പരാതി നൽകിയത്.




