ന്യൂഡൽഹി: രാഷ്ട്രീയ സ്വയംസേവക് സംഘിനെതിരെ (ആർഎസ്എസ്) രൂക്ഷവിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആർഎസ്എസ് പുരുഷന്മാർക്ക് മാത്രം പ്രാധാന്യം നൽകുന്ന, ഭരണഘടനാവിരുദ്ധമായ സംഘടനയാണെന്ന് അദ്ദേഹം ആരോപിച്ചു. സ്ത്രീകളെ പുരുഷന്മാരുടെ സ്വത്തായി കാണുന്ന പ്രത്യയശാസ്ത്രമാണ് സംഘടനയുടേതെന്നും രാഹുൽ കുറ്റപ്പെടുത്തി. അതേസമയം, ആർഎസ്എസിലെ നിരവധി സ്ത്രീകൾ താൻ സംഘടനയ്ക്കെതിരെ നടത്തുന്ന പോരാട്ടത്തെ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
ചൊവ്വാഴ്ച എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ആർഎസ്എസിന്റെ ആശയങ്ങളെയും താൻ വിശ്വസിക്കുന്ന മൂല്യങ്ങളെയും താരതമ്യം ചെയ്തുകൊണ്ടായിരുന്നു വിമർശനം. ശിവശക്തിയിലാണ് താൻ വിശ്വസിക്കുന്നതെന്നും അതുകൊണ്ടുതന്നെ ആർഎസ്എസിനെതിരെ പോരാടുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം കുറിച്ചു.
“ആർഎസ്എസ് പുരുഷന്മാർക്ക് മാത്രം പ്രാധാന്യം നൽകുന്ന, ഭരണഘടനാവിരുദ്ധമായ ഒരു സംഘടനയാണ്. സ്ത്രീകൾ പുരുഷന്മാരുടെ സ്വത്താണെന്ന് അവർ വിശ്വസിക്കുന്നു. ഞാൻ വിശ്വസിക്കുന്നത് ശിവശക്തിയിലാണ്. അതുകൊണ്ടാണ് അവർക്കെതിരെ പോരാടുന്നതിൽ എനിക്ക് ഇത്രയധികം സന്തോഷം തോന്നുന്നത്. ഏറ്റവും മനോഹരമായ കാര്യം, അവരുടെ സ്വന്തം സ്ത്രീകളിൽ പലരും എന്റെ പക്ഷത്താണ് എന്നതാണ്,” രാഹുൽ ഗാന്ധി കുറിച്ചു.
അതേസമയം ആർഎസ്എസിനെതിരെ കോൺഗ്രസ് നേതാവ് തുടർച്ചയായി നടത്തുന്ന വിമർശനങ്ങളുടെ ഭാഗമായാണ് പുതിയ പ്രതികരണം. വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട് രാജ്യത്ത് രാഷ്ട്രീയ സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി സംഘടനയ്ക്കെതിരെ വീണ്ടും രംഗത്തെത്തിയത്.
ഒക്ടോബർ 10ന് വനിതാ പ്രതിഷേധക്കാർക്കും യുവാക്കൾക്കുമെതിരെ ആർഎസ്എസ് പ്രവർത്തകർ അക്രമം അഴിച്ചുവിടുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിയന്ത്രണത്തിലുള്ള ഡൽഹി പോലീസ് അക്രമത്തിന് കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
“അമിത് ഷായുടെ ഡൽഹി പോലീസ് തന്നെ ഗുണ്ടായിസത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ്. സ്ത്രീകൾക്കും യുവാക്കൾക്കുമെതിരെ അക്രമം അഴിച്ചുവിടാൻ ആർഎസ്എസ്- ബിജെപിയിലെ യഥാർഥ ഗുണ്ടകൾക്ക് പരസ്യമായി അനുവാദവും പ്രോത്സാഹനവും നൽകുകയാണ്,” എന്നായിരുന്നു എക്സിലൂടെയുള്ള രാഹുൽ ഗാന്ധിയുടെ ആരോപണം.
അതുപോലെ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനെയും രാഹുൽ ഗാന്ധി നേരത്തേ രൂക്ഷമായി വിമർശിച്ചിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ അദ്ദേഹത്തെ വില്ലൻ എന്ന് വിശേഷിപ്പിച്ച രാഹുൽ, പ്രതിഷേധങ്ങൾ തുടരാൻ പ്രവർത്തകരോട് ആഹ്വാനം ചെയ്യുകയും ചെയ്തു.
“ഒരു ദശാബ്ദത്തിലേറെയായി നരേന്ദ്ര മോദിക്കും ആർഎസ്എസിനുമെതിരെ ഞാൻ പോരാടുകയാണ്. നരേന്ദ്ര മോദി,അമിത് ഷാ, മോഹൻ ഭാഗവത്, ഗ്യാനേഷ് കുമാർ, അജിത് ഡോവൽ എന്നിവർ ഈ കഥയിലെ വില്ലന്മാരാണ്. ഇവർക്കു ചുറ്റുമുള്ള ഇടം പതുക്കെ ചുരുങ്ങിവരികയാണ്. ആ ഇടം നമ്മൾ ചുരുക്കിക്കൊണ്ടിരിക്കുകയാണ്,” അദ്ദേഹം കുറിച്ചു. അധികാരികളെയും നേരിട്ട് വെല്ലുവിളിച്ച രാഹുൽ ഗാന്ധി, എല്ലാവരെയും അറസ്റ്റ് ചെയ്യാൻ പോലീസിനോട് ആവശ്യപ്പെട്ടു. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടത്തിൽനിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.