തൃശൂർ: ചാവക്കാട് നാലുദിവസം പ്രായമായ കുഞ്ഞിന്റെ മരണത്തിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ കോടതി ഉത്തരവ്. തൃശൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റാണ് ഇതിനായി അനുമതി നൽകിയത്.
2021 ജനുവരി 10നാണ് ചാവക്കാട് സ്വദേശികളായ ഇബ്രാഹിം–മുഹ്സിന ദമ്പതികളുടെ നാലുദിവസം പ്രായമായ കുഞ്ഞ് മരിച്ചത്. തുടർന്ന് പോസ്റ്റുമോർട്ടം നടത്താതെ മൃതദേഹം മറവുചെയ്യുകയായിരുന്നു.
അതിനിടെ, ഏഴാമത്തെ പ്രസവത്തെ തുടർന്ന് 2026 മാർച്ച് 20ന് മുഹ്സിനയും മരണപ്പെട്ടു. ഭർത്താവ് മതിയായ ചികിത്സ നൽകാത്തതാണ് മുഹ്സിനയുടെ മരണത്തിന് കാരണമെന്നാരോപിച്ച് കുടുംബം പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കുഞ്ഞിന്റെ മരണവും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയത്.
കുഞ്ഞിന്റെ മരണത്തിൽ സംശയങ്ങളുയർന്നതിനെ തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ ചാവക്കാട് സബ് ഇൻസ്പെക്ടർ കോടതിയിൽ അപേക്ഷ സമർപ്പിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ അനുമതി നൽകിയത്.




