BREAKING NEWS

‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ

· · 1 min read
Share: Copied!

കൽപറ്റ: മീനങ്ങാടി എച്ച്.എസ്.എസിലെ ഹയർസെക്കൻഡറി വിദ്യാർഥികളുടെ വിനോദയാത്രയ്ക്കിടെ പി.ടി.എ. പ്രസിഡന്റും പ്രിൻസിപ്പലും മദ്യപിച്ചെന്ന ആരോപണത്തിൽ വഴിത്തിരിവ്. പ്രിൻസിപ്പൽ ഷിവി കൃഷ്ണന്റെ രക്തപരിശോധനാ ഫലം നെഗറ്റീവായി. തനിക്കെതിരേ ഉയർന്ന ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് പ്രിൻസിപ്പലിന്റെ പ്രതികരണം.

പി.ടി.എ. ജനറൽ ബോഡി യോഗം ചേരാനിരിക്കെ ചില രാഷ്ട്രീയ താത്പര്യങ്ങളുടെ പേരിൽ തന്നെ കുറ്റക്കാരനാക്കാനുള്ള ശ്രമമാണ് നടന്നതെന്ന് ഷിവി കൃഷ്ണൻ ആരോപിച്ചു. പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിട്ടുണ്ടോ എന്ന സംശയമാണ് വിദ്യാർഥികൾ ഉന്നയിച്ചതെന്നും എക്സ്പ്രസ് ഹൈവേയിലൂടെ മൂന്ന് ബസുകൾ സഞ്ചരിക്കുന്നതിനിടെയാണ് വീഡിയോ ചിത്രീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഭാര്യയുടെ അസുഖവുമായി ബന്ധപ്പെട്ട് വലിയ മാനസിക സമ്മർദത്തിലായിരുന്നതിനാൽ സംഭവത്തിൽ പെട്ടെന്ന് തീരുമാനമെടുക്കാൻ കഴിഞ്ഞില്ല. പിന്നീട് പി.ടി.എ. പ്രസിഡന്റിനോട് മറ്റൊരു രീതിയിൽ യാത്ര തുടരണമെന്ന് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം സമ്മതിച്ചു. എന്നാൽ പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ തനിക്ക് കഴിയില്ലെന്നും ഷിവി കൃഷ്ണൻ വ്യക്തമാക്കി.

വിദ്യാർഥികൾ പരാതി ഉന്നയിച്ചപ്പോൾ പി.ടി.എ. പ്രസിഡന്റിനോട് ഇക്കാര്യം സംസാരിച്ചിരുന്നു. തുടർന്ന് ബസിൽ യാത്ര തുടരുന്നില്ലെന്ന് അദ്ദേഹം അറിയിച്ചെന്നും പ്രിൻസിപ്പൽ പറഞ്ഞു. വിദ്യാർഥികളെ സുരക്ഷിതമായി സ്കൂളിലെത്തിക്കുന്നതിനിടെയാണ് തന്നെ ആക്രമിക്കാനെന്ന രീതിയിൽ ഒരു സംഘം ആളുകൾ നിൽക്കുന്നത് കണ്ടത്. ഹയർസെക്കൻഡറി വിഭാഗത്തിലെ ഒരു രക്ഷിതാവ് മാത്രമാണ് ആ കൂട്ടത്തിലുണ്ടായിരുന്നതെന്നും മറ്റുള്ളവരെല്ലാം പുറത്തുനിന്നുള്ളവരായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

സംഭവത്തെത്തുടർന്ന് തനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായെന്നും ഷിവി കൃഷ്ണൻ പറഞ്ഞു. ആശുപത്രിയിൽ രക്തപരിശോധനയ്ക്കായി എത്തിയപ്പോൾ രക്തസമ്മർദം 220 ആയിരുന്നു. തനിക്കെതിരേ ഔദ്യോഗികമായി പരാതിയൊന്നും ഉണ്ടായിരുന്നില്ലെന്നും ആശുപത്രിയിൽനിന്ന് പരിശോധന നടത്തണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടതുകൊണ്ട് അത് അനുസരിക്കേണ്ട ബാധ്യത തനിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം ഇഷ്ടപ്രകാരമാണ് പരിശോധന നടത്തുന്നതെന്ന് എഴുതി നൽകിയ ശേഷമാണ് രക്തം പരിശോധിച്ചത്. രാഷ്ട്രീയ നേതാക്കൾ ആശുപത്രിയിലെത്തി ആവശ്യപ്പെടുന്നതനുസരിച്ച് പരിശോധനയ്ക്ക് വിധേയനാകേണ്ട സാഹചര്യം തനിക്കില്ലെന്നും നിയമപരമായി ചെയ്യേണ്ട നടപടികളെല്ലാം കൃത്യമായി പാലിച്ചിട്ടുണ്ടെന്നും ഷിവി കൃഷ്ണൻ വ്യക്തമാക്കി.

ഷിവി കൃഷ്ണയുടെ വാക്കുകൾ:

ആരും എന്നെ കേൾക്കാൻ തയ്യാറായില്ല. ബസിൽനിന്ന് ഞാൻ ഇറങ്ങിയപ്പോൾ കുറ്റവാളിയെ പോലെയാണ് പോലീസ് വാഹനത്തിൽ കയറ്റിക്കൊണ്ടുപോയത്. ഈ വിഷയവുമായി ബന്ധപ്പെട്ട് കുട്ടികളോ രക്ഷിതാക്കളോ പൊതുപ്രവർത്തകരോ രാഷ്ട്രീയപാർട്ടികളോ പോലീസിൽ പരാതി നൽകിയിട്ടില്ല. അപക്വതയുടെ ഭാഗമായി എന്റെ കുട്ടികളെടുത്ത വീഡിയോ, ബസിൽ വരുമ്പോൾ അവർ ഉന്നയിച്ച ഒരു സംശയം, ‘പി.ടി.എ. പ്രസിഡന്റ് എന്തോ മണക്കുന്നുണ്ട്, അദ്ദേഹത്തിന്റെ കൂടെ യാത്ര ചെയ്യാൻ പറ്റില്ല’ എന്ന് എന്നോട് ഉന്നയിച്ച ഒരു സംശയം… അവര് ആവശ്യപ്പെട്ടത് പി.ടി.എ. പ്രസിഡന്റിനെ വഴിയിൽ ഇറക്കിവിടണമെന്നാണ്. 800 കിലോമീറ്റർ ദൂരെയുള്ള ഒരു സ്ഥലത്ത് ഒരു മനുഷ്യനെ ഇറക്കിവിടുമ്പോൾ ഒരു മിനിറ്റ് കൊണ്ടോ രണ്ടുമിനിറ്റ് കൊണ്ടോ എടുക്കാൻ പറ്റുന്ന തീരുമാനമല്ല അത്. അതുകൊണ്ട് ഞാൻ കുട്ടികളോട് പറഞ്ഞത്, ‘മക്കളെ നിങ്ങൾ സമാധാനപ്പെടൂ, ഞാൻ ആലോചിക്കട്ടെ’ എന്നായിരുന്നു.

ഒരു വ്യക്തി എന്ന നിലയ്ക്ക് വളരെ പ്രയാസപ്പെടുന്ന നിമിഷം കൂടിയായിരുന്നു അത്. എന്റെ ഭാര്യ പെട്ടെന്ന് ഹോസ്പിറ്റലിലാകുകയും അതിന്റെ ഭാഗമായി വലിയ രീതിയിലുള്ള ടെസ്റ്റുകളും സ്കാനിങ്ങുകളും നടക്കുന്ന സമയം കൂടിയായിരുന്നു അത്. പ്രായമുള്ള അമ്മ മാത്രമായിരുന്നു അവരുടെ കൂടെ ഉണ്ടായിരുന്നത്. ഓൺലൈനായിട്ടും അല്ലാതെയും ആ വിഷയം കൂടി കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന സമയം കൂടിയായിരുന്നു അത്. ഈ ഘട്ടത്തിലാണ് കുട്ടികൾ എന്നോട് ഈ കാര്യം പറയുന്നത്.

എന്റെ കൂടെ ഉണ്ടായിരുന്ന 134 കുട്ടികളും ഈ ബസിലാണ് ഉണ്ടായിരുന്നത്. രണ്ടു ബസുകൾ മുമ്പിലായിരുന്നു. അതിൽ അധ്യാപകരുണ്ട്. അവരോടൊക്കെ ആലോചിച്ചശേഷം മാത്രമേ ഇത്തരം ഒരു കാര്യത്തിൽ തീരുമാനം എടുക്കാൻ സാധിക്കൂ. ആറുവരി പാതയിൽ എയർ ബസ് വഴിയിൽ നിർത്തിയിടാനും പറ്റില്ല. മറ്റു ബസിലുള്ള അധ്യാപകരെ വിളിച്ച് കുറച്ചു മുമ്പോട്ട് എത്തിയശേഷം ബസ് നിർത്തണമെന്നും കുട്ടികൾ ഇങ്ങനെ ഒരു പ്രശ്നം ഉന്നയിക്കുന്നുണ്ടെന്നും ഞാൻ പറഞ്ഞു. അരമണിക്കൂറോളം ദൂരത്തെത്തിയ ശേഷമാണ് അവർ ബസ് നിർത്തിയത്. ഈ സമയത്താണ് ഞാൻ നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കുഞ്ഞുങ്ങൾ അങ്ങനെ ഉന്നയിച്ചത്. ഈ സമയത്ത് വലിയൊരു സമ്മർദ്ദമാണ് ഉണ്ടായത്. എനിക്കയാളെ ഇറക്കിവിടാൻ പറ്റുമോ? എന്ത് ചെയ്യാൻ പറ്റും എന്നായിരുന്നു ഞാൻ നോക്കിയത്.

വണ്ടി നിർത്തിയശേഷം കുട്ടികളോട് കാര്യം ചോദിച്ചു ‘അദ്ദേഹത്തെ എന്തോ മണക്കുന്നുണ്ട്, അദ്ദേഹത്തിന്റെ കൂടെ യാത്രചെയ്യാൻ പറ്റില്ല’ എന്ന് അവർ പറഞ്ഞു. പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിട്ടുണ്ടോ എന്ന് തീരുമാനിക്കാൻ എനിക്ക് സാധിക്കില്ല. അദ്ദേഹത്തോട് ചോദ്യം ഉന്നയിക്കാനുള്ള സാഹചര്യവും അതല്ല. ‘കുട്ടികൾ ഇങ്ങനെ ഒരു പ്രയാസം ഉന്നയിക്കുന്നുണ്ട്. അവരെ സുരക്ഷിതമായി തിരിച്ചെത്തിക്കുക എന്ന ബാധ്യത എനിക്കുണ്ട്. അതുകൊണ്ട് നിങ്ങൾ സഹകരിക്കണം’ എന്നായിരുന്നു ഞാൻ അദ്ദേഹത്തോട് പറഞ്ഞത്. പി.ടി.എ. പ്രസിഡന്റ് അത് പോസിറ്റീവായി ഉൾക്കൊണ്ട്, മറ്റൊരു ബസിൽ വരണമെന്ന ആവശ്യം അദ്ദേഹം അനുസരിക്കുകയും ചെയ്തു. അവിടുന്നു ഇറങ്ങി, മറ്റൊരു വാഹനം ഓൺലൈൻവഴി ബുക്ക് ചെയ്തു കൊടുത്തിട്ടാണ് വന്നത്.

അതിനുശേഷം കുട്ടികളുടെ കൂടെ കയറി വളരെ സന്തോഷത്തോടെയാണ് ഡാൻസും പാട്ടും ഒക്കെയായി തിരികെ വന്നത്. ബിരിയാണി വേണമെന്ന് പറഞ്ഞു. ഹൈദരാബാദ് ബിരിയാണി അടക്കം വാങ്ങിക്കൊടുത്ത് സന്തോഷത്തോടെയാണ് തിരികെ വന്നത്. ഇതിനിടയിൽ ഇവരെപ്പോഴോ വാട്സാപ്പിൽ അല്ലെങ്കിൽ ഇൻസ്റ്റഗ്രാമിൽ അവർ കൗതുകത്തിനുവേണ്ടി ഇട്ടതായിരിക്കാം ആ വീഡിയോ. ഇപ്പോഴും ഞാൻ എന്റെ കുഞ്ഞുങ്ങളെ കുറ്റം പറയുന്നില്ല. കാരണം അവർക്ക് അതിനുള്ള പാകതയും പക്വതയുമേയുള്ളൂ.

അവർ വീഡിയോ ഇട്ടു കഴിഞ്ഞതോടെ വിഷയം കൈയിൽനിന്ന് പോയി എന്ന് ഞാൻ മനസ്സിലാക്കിയത് കുറേ സമയം കഴിഞ്ഞാണ്. വീഡിയോയിൽ എന്റെ മുഖവും പി.ടി.എ. പ്രസിഡന്റിന്റെയും മുഖം ഉള്ളതുകൊണ്ട് രണ്ടും ചേർത്ത് വെച്ച് നാട്ടിൽ കഥകൾ പ്രചരിക്കുന്നതായി എനിക്ക് കോളുകൾ വരാൻ തുടങ്ങി. ആ സമയത്താണ് ഇതിന്റെ ഭീകരാവസ്ഥ മനസ്സിലായത്. കുട്ടികളോട് ചോദിച്ചപ്പോൾ അവരും പ്രയാസത്തിലായി.

ഇതിന് പുറകിൽ രാഷ്ട്രീയ നാടകമുണ്ട് എന്ന് സംശയിക്കാൻ കാരണം, തിരികെ എത്തിയപ്പോൾ സ്കൂളിൽ ഒരുപാട് ആളുകൾ എന്നെ ആക്രമിക്കാൻ നിൽക്കുകയാണ്. സ്കൂളിലേക്ക് വരണ്ട എന്നാണ് പലരും പറഞ്ഞത്. എന്റെ സ്കൂളിലേക്ക് വരാതിരിക്കാൻ എന്ത് പ്രയാസമാണ് ഉണ്ടാകേണ്ടത്. ഞാൻ വരാതിരുന്നെങ്കിൽ എന്താണ് പറയുക? അയാൾ എന്തോ അടിച്ചിട്ട് കിറുങ്ങി വീട്ടിലേക്ക് പോയതാണെന്ന് പറയും. ആ പ്രചാരണം ഒഴിവാക്കാനും എന്റെ സത്യസന്ധത തെളിയിക്കാനും വേണ്ടിയാണ് ഞാൻ സ്കൂളിലേക്ക് വന്നത്. നേരിട്ട് വന്നപ്പോൾ അവിടെ ഉണ്ടായിരുന്ന ആളുകളിൽ ഒരാൾ ഒഴികെ ഒരൊറ്റയാളും രക്ഷിതാക്കൾ അല്ല. അവർക്ക് കൃത്യമായ അജണ്ട ഉണ്ടായിരുന്നു. സ്കൂളിൽ നടക്കാനിരിക്കുന്ന പിടിഎ ജനറൽ ബോഡിയെ ബന്ധിപ്പിച്ച രാഷ്ട്രീയ അന്തരീക്ഷം ഒരുക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. കുറേക്കാലമായി എന്നെ അവർ ഫോക്കസ് ചെയ്യുകയാണ്. എന്തുകൊണ്ടാണ് എന്ന് എനിക്ക് അറിയില്ല.

രണ്ടുതരം ടെസ്റ്റുകളാണ് ഞാൻ എടുത്തത്. അതിനുശേഷമാണ് കൂടെ വന്ന രാഷ്ട്രീയ പാർട്ടിക്കാരൻ പറയുന്നത് യൂറിൻ ടെസ്റ്റ് കൂടി എടുക്കണമെന്ന്. ആരെങ്കിലും പറയുന്നതനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ ഞാൻ ഏത് തരത്തിലാണ് ബാധ്യസ്ഥനായിട്ടുള്ളത്. ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥനാണ്. പരാതിയോ മറ്റോ ഇല്ലാതെ നാട്ടുകാർ പറയുന്ന മുഴുവൻ ടെസ്റ്റും ചെയ്യാൻ എനിക്ക് എന്ത് ബാധ്യതയാണ് ഉള്ളത്. എന്നെ സംബന്ധിച്ചിടത്തോളം ഏത് ടെസ്റ്റിന് വിധേയനാകാനും എനിക്ക് വ്യക്തിപരമായി ഒരു പ്രയാസവുമില്ല.

ഇപ്പോൾ എന്റെ കുട്ടികൾ അനുഭവിക്കുന്നത് വലിയ പ്രശ്നമാണ്. അവർ ഒരു തരത്തിലും വീഡിയോയിൽ പ്രിൻസിപ്പൽ മദ്യപിച്ചു എന്ന് പറയുന്നില്ല. പിന്നെ എങ്ങനെയാണ് ചേർത്ത് വെച്ച് വന്നത്. ഇങ്ങനെ കഥകൾ മെനഞ്ഞാൽ എങ്ങനെ നമ്മളെ പോലുള്ള ആളുകൾ പൊതുസമൂഹത്തിൽ ജീവിക്കും? എങ്ങനെ കുട്ടികളേ ഞങ്ങൾ തിരുത്തും? ഇത് ഒരു തുടർക്കഥ ആയാൽ ആര് സമാധാനം പറയും?

നിയമപരമായ നടപടികളെക്കുറിച്ച് ആലോചിക്കും. ഇതിന്റെ പേരിൽ ഞാൻ മാത്രമല്ല ക്രൂശിക്കപ്പെട്ടത്. എന്റെ കുടുംബം കൂടി ക്രൂശിക്കപ്പെട്ടു. എന്റെ മകൾ ബഹളം വെച്ച് കരഞ്ഞുവിളിച്ചാണ് രാത്രിയിൽ അവൾ പഠിക്കുന്ന സ്ഥാപനത്തിൽനിന്ന് വന്നത്. അവളെ ആശുപത്രിയിൽ കൊണ്ടുപോയി ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിച്ചിട്ടേയുള്ളൂ. ഭാര്യയ്ക്ക് നിരന്തരം ഇൻജക്ഷൻ എടുത്തിട്ടാണ് ഇരിക്കുന്നത്. ഇവരൊക്കെ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് ആര് മറുപടി നൽകും. ടൂറിന് പോയ രക്ഷിതാക്കൾ മുഴുവൻ പ്രതികരിച്ചിട്ടുണ്ട്. കൂട്ടായി പത്രസമ്മേളനം വിളിക്കാൻ അവർ ആലോചിച്ചിട്ടുണ്ട്. അവരോട് ഞാൻ ഒരു കാര്യം മാത്രമാണ് ആവശ്യപ്പെട്ടിട്ടുള്ളത്, എന്റെ പ്രിയപ്പെട്ട മക്കളെ നിങ്ങൾ സമ്മർദ്ദത്തിലാക്കരുത്. എന്റെ കുഞ്ഞുങ്ങളെ ഉപദ്രവിക്കരുത് എന്നാണ് പറഞ്ഞിട്ടുള്ളത്”, പ്രിൻസിപ്പൽ പറഞ്ഞു.

മീനങ്ങാടി എച്ച്.എസ്.എസിലെ ഹയർസെക്കൻഡറി വിദ്യാർഥികളുടെ വിനോദയാത്രക്കിടെ ആയിരുന്നു സംഭവം. ഞായറാഴ്ച 133 വിദ്യാർഥികളുമായി മൂന്ന് ബസുകളിൽ ഹൈദരാബാദിലേക്ക് പുറപ്പെട്ട യാത്രാസംഘം ബുധനാഴ്ച മടങ്ങിവരുന്നതിനിടെ, സ്‌കൂൾ പി.ടി.എ. പ്രസിഡന്റ് ഹാജിസ് ഉള്ളാടൻ മദ്യപിച്ച് വിദ്യാർഥികൾ യാത്രചെയ്തിരുന്ന ബസിൽ കയറിയെന്നാണ് വിദ്യാർഥികൾ ആരോപിച്ചത്. വിദ്യാർഥികൾ പ്രതിഷേധിച്ചതിനു പിന്നാലെ ഹാജിസിനെ വഴിയിൽ ഇറക്കി. തുടർന്ന് ട്രാവൽ ഏജൻസിയുടെ മറ്റൊരു വാഹനത്തിലാണ് ഇദ്ദേഹം നാട്ടിലേക്കു തിരിച്ചത്.

 

മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദത്തിൽ വഴിത്തിരിവ്; പ്രിൻസിപ്പൽ മദ്യപിച്ചെന്ന ആരോപണം തെറ്റ്, രക്തപരിശോധനാ ഫലം നെഗറ്റീവ്

 

BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ച എംഡിഎംഎയെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റ...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദത്തിൽ വഴിത്തിരിവ്; പ്രിൻസിപ്പൽ മദ്യപിച്ചെന്ന ആരോപണം തെറ്റ്, രക്തപരിശോധനാ ഫലം നെഗറ്റീവ്
30 Oct 2026
BREAKING NEWS
’നാടകം അവതരിപ്പിച്ചത് അക്രമസമരമാണെന്ന് വരുത്തി തീർത്ത് 16 പേരെ സസ്പെൻഡ് ചെയ്തു; 60 ദിവസമായിട്ടും നടപടി പിൻവലിച്ചിട്ടില്ല’;മഹാരാജാസിൽ മന്ത്രിക്കെതിരെ വിദ്യാർഥികളുടെ പ്രതിഷേധം; വേദിയിൽ വളഞ്ഞു, പ്രസംഗം അവസാനിപ്പിച്ച് റോജി എം. ജോൺ മടങ്ങി
30 Oct 2026