പൊന്നാനി: പൊന്നാനി-കുറ്റിപ്പുറം ആറുവരി പാതയിൽ വെള്ളക്കെട്ട് അപകടക്കെണിയായപ്പോൾ നിയന്ത്രണം വിട്ട കാർ മറിഞ്ഞ് നാലുപേർക്ക് പരിക്കേറ്റു. ഈശ്വരമംഗലം ഭാഗത്താണ് അപകടമുണ്ടായത്.
പട്ടാമ്പി പള്ളിപ്പുറം സ്വദേശികളായ സൈറാബാനു (55), ഇസ്ബുല്ല (19), യുസുഫ് (35), മുബാറക്ക് (34) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ പൊന്നാനിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എറണാകുളത്തെ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം. റോഡിൽ കെട്ടിക്കിടന്ന വെള്ളത്തിലേക്ക് കാർ കയറിയതോടെ വാഹനം നിയന്ത്രണം വിട്ട് തെന്നിമറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
അപകടത്തെ തുടർന്ന് പ്രദേശത്ത് അൽപസമയം ഗതാഗത തടസ്സം അനുഭവപ്പെട്ടു. നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്നാണ് വാഹനത്തിലുണ്ടായിരുന്നവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.
മഴക്കാലത്ത് ആറുവരി പാതയിലെ ചില ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുന്നത് അപകടസാധ്യത വർധിപ്പിക്കുന്നതായി യാത്രക്കാരും നാട്ടുകാരും ചൂണ്ടിക്കാട്ടുന്നു.

















































