തിരുവനന്തപുരം: സഹപ്രവത്തകരിൽനിന്ന് പണം തട്ടി ഓൺലൈനായി റമ്മി കളിച്ച പോലീസുകാരൻ പിടിയിൽ. കെഎപി മൂന്നാം ബറ്റാലിയനിലെ (പത്തനംതിട്ട) ട്രെയിനി പോലീസുകാരനായ ശംഭു ആർ കൃഷ്‌ണൻ ആണ് അറസ്റ്റിലായത്. യൂണിഫോമിനായി സഹ പോലീസുകാർ നൽകിയ പണം തട്ടിയെടുത്ത സംഭവത്തിലാണ് ഇയാൾക്കെതിരെ നടപടി. തട്ടിപ്പിൽ ശംഭുവിനെതിരെ പേരൂർക്കട പോലീസ് കേസെടുത്തിരുന്നു.
ഏഴംഗ യൂണിഫോം കമ്മിറ്റിയിലെ അംഗമായ ശംഭു, യൂണിഫോം സാമഗ്രികൾക്കും തയ്യലിനുമായി സഹപ്രവർത്തകർ നൽകിയ ഏഴുലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് പണം ഉപയോഗിച്ച് ഓൺലൈൻ റമ്മി കളിച്ച് പണം നഷ്ടമാക്കുകയായിരുന്നു.
ജൂലൈ മാസമാണ് ശംഭുവുമായി ബന്ധമുള്ള അക്കൗണ്ടിലേക്ക് ട്രെയിനി പോലീസുകാർ 7,18,320 രൂപ നിക്ഷേപിച്ചത്. അതേസമയം പേരൂർക്കട എസ്എപി ബറ്റാലിയനിലെ കമാൻഡിങ് ഓഫീസർ മുജീബ് റഹ്മാൻ്റെ പരാതിയിലാണ് ബിഎൻഎസ് 318 (4) വകുപ്പ് ചുമത്തി കേസെടുത്തിരുന്നത്.





