തൃശൂർ: വാടാനപ്പള്ളി ഫസൽ നഗർ പടിഞ്ഞാറ് കടപ്പുറത്ത് യുവാവിനെ ക്രൂരമായി മർദിച്ചുകൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. വാടാനപ്പള്ളി സ്വദേശി പണിക്കവീട്ടിൽ മുഹമ്മദ് റാസിൽ (ബിലാൽ–18), പ്രായപൂർത്തിയാകാത്ത രണ്ട് പേരുമാണ് പിടിയിലായത്. കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ബിൻഷാദ് ഉൾപ്പെടെ രണ്ടുപേരെ കൂടി പിടികൂടാനുണ്ട്.
വാടാനപ്പള്ളി സ്വദേശി രായം മരക്കാർ വീട്ടിൽ അബ്ദുൾ സലാമിനെ (40) കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് ഫസൽ നഗർ കടപ്പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിലും പോസ്റ്റ്‌മോർട്ടം പരിശോധനയിലുമാണ് മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്.
ക്രൂരമായ മർദനമാണ് സലാമിന്റെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ശരീരമാസകലം മുറിവുകളുണ്ടായിരുന്നു. മർദനത്തിൽ വാരിയെല്ലുകൾ തകരുകയും കൈകാലുകളിലെ മുട്ടുകൾ ഒടിയുകയും ചെയ്തു. ജനനേന്ദ്രിയത്തിലും ഗുരുതരമായി പരുക്കേറ്റിരുന്നു.
ഭാര്യയോടൊപ്പം വാളയാറിൽ താമസിച്ചിരുന്ന സലാമിന് വാടാനപ്പള്ളിയിലെ ഒരു സ്ത്രീയുമായി ബന്ധമുണ്ടെന്ന ആരോപണത്തെച്ചൊല്ലിയാണ് സംഘർഷമുണ്ടായത്. ചൊവ്വാഴ്ച രാത്രിയുണ്ടായ വാക്കുതർക്കം രൂക്ഷമായതോടെ പ്രതികൾ സംഘം ചേർന്ന് ഡംബൽ, കല്ല് എന്നിവ ഉപയോഗിച്ച് സലാമിനെ ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മർദനത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നതായി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. പിന്നീട് വീഡിയോ ഡിലീറ്റ് ചെയ്തെങ്കിലും ദൃശ്യങ്ങൾ വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. സലാം മരിച്ചെന്ന് ഉറപ്പാക്കിയശേഷം മൃതദേഹം ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് ആക്രമണം നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി.
ഒളിവിലുള്ള മുഖ്യപ്രതി ബിൻഷാദ് 37 കേസുകളിൽ പ്രതിയാണ്. കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ട ഇയാൾ 18 ദിവസം മുമ്പാണ് തിരിച്ചെത്തിയത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ ആക്രമണങ്ങൾക്ക് പ്രേരിപ്പിക്കുന്നതായും ഇയാൾക്കെതിരെ ആരോപണമുണ്ടെന്ന് പൊലീസ് പറഞ്ഞു.
കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി. ആർ. രതീഷ് കുമാർ, വലപ്പാട് സി.ഐ. പത്മരാജൻ, വാടാനപ്പള്ളി എസ്.ഐ. ഉമേഷ്, എ.എസ്.ഐ. അസീസ്, തൃശൂർ റൂറൽ ഷാഡോ പൊലീസ് അംഗങ്ങളായ മിഥുൻ, ആർ. കൃഷ്ണ, പി.എം. ഷെമീർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടിയത്. ഒളിവിലുള്ള മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.




