മൂവാറ്റുപുഴ: പ്ലസ്‌ടു പരീക്ഷാ മൂല്യനിർണയത്തിലുണ്ടായ പിഴവുമൂലം തുടർപഠനവും ഇഷ്ടപ്പെട്ട കരിയറും നഷ്ടമായ വിദ്യാർഥിനിക്കു ഒടുവിൽ നീതി. കോടതിച്ചെലവ് ഉൾപ്പെടെ 4 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. സംസ്ഥാന സർക്കാർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ, ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ, റീജനൽ ഡപ്യൂട്ടി ഡയറക്ടർ എന്നിവർക്കാണു മൂവാറ്റുപുഴ മുൻസിഫ് കോടതിയുടെ നിർദേശം. തൃക്കളത്തൂർ പണിക്കൊടിയിൽ സ്നേഹമോൾ മണിയാണു വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥയ്‌ക്കെതിരെ 2021ൽ നിയമപോരാട്ടം നടത്തിയത്.
മൂവാറ്റുപുഴ എസ്എൻഡിപി ഹയർസെക്കൻഡറി സ്കൂളിൽ 2019 മാർച്ചിൽ പ്ലസ്‌ടു പരീക്ഷയെഴുതിയ വിദ്യാർഥിനിക്ക് ഇക്കണോമിക്സ് ഒഴികെ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ഇക്കണോമിക്സിൽ 57 മാർക്കാണു ലഭിച്ചത്. എന്നാൽ പുനർമൂല്യനിർണയ ഫലം വന്നപ്പോൾ 80ൽ 80 മാർക്കും ലഭിച്ചു. 2019 ജൂലൈ 22നാണ് ഈ ഫലം വന്നത്. അപ്പോഴേക്കും റഗുലർ കോേളജുകളിലെ മെറിറ്റ് സീറ്റുകളിലേക്കുള്ള പ്രവേശനം അവസാനിച്ചിരുന്നു. തുടർന്ന് പഠിക്കാനായി കാനഡയിലേക്കു പോകേണ്ടിവന്നു.
ഇതിനിടെ 2021ൽ സ്നേഹ മൂവാറ്റുപുഴ മുൻസിഫ് കോടതിയെ സമീപിച്ചത്. പിഴവു വരുത്തിയ അധ്യാപകനെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും വിദ്യാർഥിനിയുടെ കരിയർ നഷ്ടത്തിനു ഉത്തരവാദിത്തമില്ലെന്നും സർക്കാർ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം നഷ്ടപ്പെട്ടതിനും കുട്ടിക്കുണ്ടായ മാനസിക സംഘർഷങ്ങൾക്കും അർഹിച്ച അംഗീകാരങ്ങൾ നിഷേധിക്കപ്പെട്ടതിനും നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നു കോടതി വിധിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ഡോ.സി.രാധാകൃഷ്ണൻ, ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഒ.വി.അനീഷ് എന്നിവരുടെ പിന്തുണയോടെയായിരുന്നു നിയമപോരാട്ടം നടന്നത്. കാനഡയിലെ പഠനം പൂർത്തിയാക്കി നാട്ടിലേക്കു മടങ്ങാനുള്ള ഒരുക്കത്തിലാണ് സ്നേഹമോൾ ഇപ്പോൾ.






