ന്യൂഡൽഹി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ടത് നാണംകെട്ട തോൽവിയാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി. തെരഞ്ഞെടുപ്പിനെ പാർട്ടി ഒറ്റക്കെട്ടായാണ് നേരിട്ടതെന്നും അതിനാൽ ഈ കനത്ത തോൽവിയിൽ ഏതെങ്കിലും ഒരു നേതാവിനെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ലെന്നും പി.കെ ശ്രീമതി വ്യക്തമാക്കി.
വിജയമെന്ന പോലെ തന്നെ പരാജയത്തിലും കൂട്ടായ ഉത്തരവാദിത്തമാണുള്ളത്. വരും ദിവസങ്ങളിൽ ഈ ലജ്ജാകരമായ തോൽവിയെക്കുറിച്ച് പാർട്ടി വിശദമായി പഠിക്കുകയും ആവശ്യമായ പരിശോധനകൾ നടത്തുകയും ചെയ്യുമെന്ന് അവർ കൂട്ടിച്ചേർത്തു.
രാഷ്ട്രീയപരമായ കനത്ത തിരിച്ചടിക്കിടയിലും അധികാരത്തിലേറിയ പുതിയ സർക്കാരിന് അവർ ആശംസകൾ നേർന്നു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർണമായി നടപ്പിലാക്കാൻ പുതിയ സർക്കാരിന് കഴിയട്ടെ എന്ന് പി.കെ ശ്രീമതി പറഞ്ഞു.


















































