തിരുവനന്തപുരം: പ്രസംഗിക്കുന്നതിനിടെ വൈദ്യുതി മുടങ്ങിയപ്പോൾ സർക്കാറിനെതിരെ പരിഹാസവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. സി.പി.എം തിരുവനന്തപുരം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിനിടെയായിരുന്നു സംഭവം. ഇന്ന് രാവിലെ 10ന് കോവളം ഏരിയ കമ്മിറ്റി ഓഫിസിൽ കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പോളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായി വിജയൻ. പ്രസംഗം തുടങ്ങി അൽപസമയത്തിനകം ലൈറ്റുകൾ ഓഫായി.
എന്നാൽ, മൈക്ക് പ്രവർത്തിക്കുന്നുണ്ടായിരുന്നു. ‘ഇതാണ് ഇപ്പോൾ കേരളത്തിന്റെ അവസ്ഥ…’ എന്നായിരുന്നു പിണറായിയുടെ പരിഹാസം. പകരം സംവിധാനം ഇല്ലേ എന്ന് മൈക്കിലൂടെ സംഘാടകരോട് ആരാഞ്ഞു. ഉണ്ടെന്നറിയിച്ചപ്പോൾ, ‘പകരം സംവിധാനം ഉണ്ട്, അതുകൊണ്ട് കുഴപ്പമില്ല’ എന്നായി അദ്ദേഹം. തുടർന്ന് ലൈറ്റ് തെളിയുന്നത് വരെ പ്രസംഗം നിർത്തി വേദിയിൽ ഇരുന്നു. തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലകളിലെ സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങളാണ് ഇന്ന് തുടങ്ങൂന്നത്. തിരുവനന്തപുരത്ത് യോഗം ബുധൻ, വ്യാഴം ദിവസങ്ങളിൽ നടക്കും.
എറണാകുളം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ബുധൻ രാവിലെ 9.30ന് തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് സ്‌റ്റേഷനുസമീപം ആൽഫ പ്ലസ് ഓഡിറ്റോറിയത്തിൽ പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനംചെയ്യും. വ്യാഴം വൈകിട്ട് അഞ്ചിന് തൃപ്പൂണിത്തുറ സ്‌റ്റാച്യു ജങ്ഷന് സമീപം മാണിക്കനാംപറന്പ് മൈതാനത്താണ് പൊതുസമ്മേളനം. തൃശൂർ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ബുധൻ രാവിലെ തൃശൂർ നളിനം ഓഡിറ്റോറിയത്തിൽ (ബേബിജോൺ നഗർ) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനംചെയ്യും. ജില്ലാ സെക്രട്ടറി കെ വി അബ്‌ദുള്‍ഖാദര്‍ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.




