കൊല്ലം: പ്രാർത്ഥനയിലൂടെ രോഗം മാറ്റിനൽകാമെന്ന് വാഗ്ദാനം ചെയ്ത് 16കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ വ്ലോഗറും മതപ്രഭാഷകനുമായ മുഹമ്മദ് നിയാസ് ജൗഹരിക്കെതിരായ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. സമാനമായ രീതിയിൽ ഇയാൾ കൂടുതൽ പെൺകുട്ടികളെ ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. ഒന്നര ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള പ്രതിയുടെ മൊബൈൽ ഫോണുകളും സമൂഹമാധ്യമ അക്കൗണ്ടുകളും കേന്ദ്രീകരിച്ച് ശാസ്ത്രീയ പരിശോധന നടത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
പ്രതി ഡയറക്ടറായി പ്രവർത്തിക്കുന്ന ഓച്ചിറ മേമനയിലെ ‘അൽ ഹബീബിയ്യ ഇസ്ലാമിക് അക്കാദമി’ കേന്ദ്രീകരിച്ചാണ് അന്വേഷണത്തിന്റെ മറ്റൊരു ഭാഗം പുരോഗമിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ മാസം ലക്ഷങ്ങൾ സമ്പാദിച്ചിരുന്ന ഇയാൾ സ്ഥാപനത്തിന്റെ മറവിൽ വലിയ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അടുത്തകാലത്ത് ഓച്ചിറ മേഖലയിൽ വൻതുക ചെലവഴിച്ച് ഭൂമി വാങ്ങുകയും നിർമാണപ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു.
അക്കാദമിയുടെ പേരിൽ നടന്ന സാമ്പത്തിക ഇടപാടുകളുടെ ഉറവിടം കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണം ആരംഭിക്കാനാണ് പൊലീസിന്റെ നീക്കം. സ്ഥാപനവുമായി ബന്ധപ്പെട്ട വരുമാനവും ചെലവുകളും സ്വത്തുവകകളുടെ ഇടപാടുകളും പരിശോധിക്കും.
പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് റിമാൻഡ് ചെയ്ത പ്രതി നിലവിൽ ഓച്ചിറ പൊലീസിന്റെ കസ്റ്റഡിയിലാണ്.