ടെൽ അവീവിലേക്ക് യാത്രതിരിച്ച ഫ്ലൈദുബായ് യാത്രാവിമാനം തകർക്കാൻ ഉദ്ദേശിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥരോട് സഹപൈലറ്റ് ഹമാം അൽ-ഹമ്മാമി സമ്മതിച്ചതായി റിപ്പോർട്ട്. വിമാനം സൗദി അറേബ്യയിൽ അടിയന്തരമായി ഇറക്കിയതിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണ് 29കാരനായ ഒമാൻ പൗരൻ ഇക്കാര്യം പറഞ്ഞതെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. വിമാനം മനഃപൂർവം താഴെയിറക്കാനായിരുന്നു ഉദ്ദേശമെന്നും തനിക്ക് മരണത്തെ ഭയമില്ലെന്നും ഹമാം പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ഹമാം അൽ-ഹമ്മാമി എങ്ങനെയാണ് തീവ്രവാദ ആശയങ്ങളിലേക്ക് നീങ്ങിയതെന്നും നേരത്തെ തന്നെ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്ന ഇയാൾക്ക് പിന്നീട് വീണ്ടും കോക്പിറ്റിൽ ജോലി ചെയ്യാൻ എങ്ങനെ അവസരം ലഭിച്ചുവെന്നുമാണ് ഇപ്പോൾ അന്വേഷണ സംഘം പരിശോധിക്കുന്നത്.
ഒമാൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒമാൻ എയറിലായിരുന്നു ഹമാമിയുടെ ആദ്യ വ്യോമയാന ജോലി. തീവ്രവാദ സ്വഭാവമുള്ള വെബ്സൈറ്റുകൾ ഇയാൾ സന്ദർശിക്കുന്നതായി അധികൃതർ കണ്ടെത്തിയതിനെ തുടർന്ന് വിമാനമോടിക്കുന്നതിൽ നിന്ന് വിലക്കിയെന്നാണ് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട്. തുടർന്ന് ഇയാളെ തീവ്രവാദ ആശയങ്ങളിൽ നിന്ന് മാറ്റാനുള്ള ഡീറാഡിക്കലൈസേഷൻ പരിപാടിയിൽ പങ്കെടുപ്പിക്കുകയും ഡെസ്ക് ജോലിയിലേക്ക് മാറ്റുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.
ഒമാൻ എയർ വിട്ടതിന് ശേഷം ഹമാമി യുഎഇയിൽ ജോലി കണ്ടെത്തുകയായിരുന്നു. 2026 ഫെബ്രുവരിയിലാണ് ഫ്ലൈദുബായ് ഇയാളെ നിയമിച്ചത്. എന്നാൽ ഇയാളുടെ മുൻകാല പശ്ചാത്തലത്തെക്കുറിച്ച് ഫ്ലൈദുബായിക്ക് എന്തെല്ലാം വിവരങ്ങൾ ലഭ്യമായിരുന്നുവെന്നും നിയമനത്തിന് മുമ്പ് ഒമാൻ അധികൃതരിൽ നിന്ന് വിവരങ്ങൾ തേടിയിരുന്നോയെന്നും വ്യക്തമല്ല. മറ്റ് രാജ്യങ്ങളിൽ നിന്ന് ഹമാമിയെക്കുറിച്ചുള്ള വിവരങ്ങൾ തേടി ഒമാന് യാതൊരു അഭ്യർഥനയും ലഭിച്ചിരുന്നില്ലെന്നാണ് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നത്.
ഹമാമിയുടെ സിറിയൻ ബന്ധവും അന്വേഷണത്തിന്റെ ഭാഗമാണ്. ഒമാൻ സ്വദേശിയായ പിതാവിന്റെയും സിറിയൻ മാതാവിന്റെയും മകനായി ജനിച്ച ഹമാമി ബാല്യത്തിന്റെ ഒരു ഭാഗം സിറിയയിലാണ് ചെലവഴിച്ചത്. രാജ്യത്ത് ആഭ്യന്തരയുദ്ധം രൂക്ഷമായിരുന്ന കാലത്ത് ഇസ്ലാമിസ്റ്റ് വിമതർ ബഷർ അൽ-അസദിന്റെ സർക്കാരിനെതിരെ പോരാടിയിരുന്ന സാഹചര്യത്തിലാണ് ഇയാൾ സിറിയയിൽ കഴിഞ്ഞത്. ആ കാലയളവിലാണ് തീവ്രവാദ ആശയങ്ങളിലേക്ക് ഇയാൾ നീങ്ങിയതോയെന്നും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.
ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിന് മുമ്പുള്ള ഹമാമിയുടെ സാമൂഹികമാധ്യമ പ്രവർത്തനങ്ങളും അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ നൽകുന്നുണ്ട്. ഇയാൾ പിന്നീട് നീക്കം ചെയ്ത എക്സ് അക്കൗണ്ടിലെ 3,000ത്തിലധികം സ്ക്രീൻഷോട്ടുകൾ ഇന്റർനെറ്റ് ആർക്കൈവിൽ ഇപ്പോഴും ലഭ്യമാണ്. സ്ത്രീകൾ ജോലി ചെയ്യുന്നതിനെ എതിർക്കുന്ന തരത്തിലുള്ള നിലപാടുകളും മതപരമായ വസ്ത്രധാരണം നടത്തുന്ന സ്ത്രീകളോടുള്ള താൽപര്യവും ഉൾപ്പെടെ കടുത്ത യാഥാസ്ഥിതികവും സ്ത്രീ വിരുദ്ധവുമായ ആശയങ്ങൾ പോസ്റ്റുകളിൽ പ്രകടമായിരുന്നുവെന്നാണ് റിപ്പോർട്ട്.
സൗദി സ്ത്രീകളുമായി ബന്ധപ്പെടുന്നതിനായി വ്യാജ അക്കൗണ്ട് സൃഷ്ടിച്ചതിനെക്കുറിച്ചും ഒരു പോസ്റ്റിൽ ഹമാമി എഴുതിയിരുന്നു. മറ്റൊരു പോസ്റ്റിൽ തന്റെ ഭാര്യ ജോലി ചെയ്യരുതെന്ന നിലപാടും ഇയാൾ രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഈ സാമൂഹികമാധ്യമ പോസ്റ്റുകൾ മാത്രം ഉപയോഗിച്ച് ഹമാമി എപ്പോഴാണ് അക്രമാസക്തമായ ആശയങ്ങളിലേക്ക് നീങ്ങിയതെന്നോ ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിന് പിന്നിൽ ഈ ആശയങ്ങളാണ് നേരിട്ട് കാരണമായതെന്നോ സ്ഥിരീകരിക്കാനാകില്ല. മുൻകാല തീവ്രവാദ വെബ്സൈറ്റ് സന്ദർശനങ്ങൾ, സിറിയയിലെ താമസം, സാമൂഹികമാധ്യമ പ്രവർത്തനങ്ങൾ എന്നിവയെല്ലാം ഒരുമിച്ച് പരിശോധിച്ചാണ് ഇയാളുടെ തീവ്രവാദവൽക്കരണത്തിന്റെ പശ്ചാത്തലം കണ്ടെത്താൻ അന്വേഷണ സംഘം ശ്രമിക്കുന്നത്.
അതേസമയം, ഹമാമി ഒറ്റയ്ക്കാണോ ആക്രമണം ആസൂത്രണം ചെയ്തതെന്നും പുറത്തുള്ള ഏതെങ്കിലും സംഘടനകളുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്നും യുഎഇ, സൗദി അറേബ്യ, ഇസ്രയേൽ അധികൃതർ അന്വേഷിച്ചുവരികയാണ്. പ്രത്യേകിച്ച് ഇറാനുമായി ഇയാൾക്ക് എന്തെങ്കിലും ബന്ധമുണ്ടായിരുന്നോയെന്നതും അന്വേഷണത്തിന്റെ പരിധിയിലുണ്ട്.






